ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ചിനെ തുടർന്ന് സംഘർഷഭരിതമായി രാജ്യതലസ്ഥാനം. വൈകീട്ട് അഞ്ചുമണിക്ക് കോണോട്ട് പ്ളേസിലെ സെൻട്രൽ പാർക്കിൽ സിജെപി ആഹ്വാനം ചെയ്ത തിരംഗ മാർച്ച് ആരംഭിക്കുന്നതിന് മുൻപേതന്നെ അഭിജിത് ദീപ്കെയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
എന്നാൽ നിരവധി സിജെപി പ്രവർത്തകർ ദേശീയപതാകയുമേന്തി കോണോട്ട് പ്ളേസ് ലക്ഷ്യമാക്കി നീങ്ങി. ഐസ നേതാവ് നേഹാ ബോറയേയും കൂട്ടാളികളെയും വഴിമധ്യേ കസ്റ്റഡിയിൽ എടുത്തു. ഇടതുപക്ഷ നേതാക്കളും ആംആദ്മി പ്രവർത്തകരും കോണോട്ട് പ്ളേസിലെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
ഏഴുമണിയോടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആഹ്വാനം ചെയ്തെങ്കിലും ഇതിന് വിസമ്മതിച്ച പ്രതിഷേധക്കാരെ പോലീസ് ബലമായി പിടിച്ചുമാറ്റി. 150ഓളം പ്രതിഷേധക്കാരെയാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. സമരക്കാരെ സ്ഥലത്ത് നിന്ന് പൂർണമായി നീക്കി സമാധാനം പുനഃസ്ഥാപിക്കാനാണ് പോലീസ് നീക്കം.
അതേസമയം, കസ്റ്റഡിയിൽ എടുത്ത അഭിജീത് ദീപ്കെ, നേഹ ബോറ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നാളെ സെൻട്രൽ പാർക്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഇടതു സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സിജെപി നടത്തിയ മാർച്ചിലും ഇടതു യുവജന സംഘടനകൾ പങ്കെടുത്തിരുന്നു.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി



































