ബെംഗളൂരു: കർണാടക- മഹാരാഷ്ട്ര അതിർത്തിയായ ബെലഗാവിയിൽ വീണ്ടും സംഘർഷാവസ്ഥ. കർണാടക സ്വാതന്ത്യ സമര സേനാനി സാംഗൊളി രായണ്ണയുടെ പ്രതിമയ്ക്ക് കേടുപാട് വരുത്തിയതിൽ പ്രതിഷേധിച്ച് കന്നഡ രക്ഷണ വേദി പ്രവർത്തകർ ബെലഗാവിയിൽ മെഗാറാലി സംഘടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ വീണ്ടും വഷളായത്. കന്നഡ സാംസ്കാരിക സംഘടനകൾ മഹാരാഷ്ട്രയിൽ നിന്നുള്ള വാഹനങ്ങൾ ദേശീയ പാതയിൽ തടഞ്ഞ് നിർത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് ബെലഗാവിയിൽ പോലീസ് സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ഡിസംബർ 22 വരെ തുടരും. പ്രതിമയെ ചൊല്ലി നേരത്തെ തന്നെ പ്രദേശത്ത് സംഘർഷ സാധ്യത ഉണ്ടായിരുന്നു. ഇന്ന് ബെംഗളൂരുവിൽ നിന്ന് കന്നഡ രക്ഷണ വേദി പ്രവർത്തകർ സംഘടിച്ച് ബെലഗാവിയിൽ എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്.
ബെലഗാവി ജില്ലയിലേതിന് സമാനമായി തന്നെ കർണാടകയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം അരങ്ങേറുന്നുണ്ട്. കൂടുതൽ അനിഷ്ഠങ്ങൾ സംഭവിക്കാതിരിക്കാൻ സ്ഥലങ്ങളിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബെലഗാവി ജില്ലയെ ചൊല്ലി നേരത്തെ തന്നെ മഹാരാഷ്ട്രയും കർണാടകയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
Also Read: പനാമ വെളിപ്പെടുത്തൽ; ഐശ്വര്യ റായ്ക്ക് ഇഡി നോട്ടീസ്