ന്യൂഡെൽഹി: പ്രശസ്‌ത നർത്തകി യാമിനി കൃഷ്‌ണമൂർത്തി അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഡെൽഹി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും ക്‌ളാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികളിൽ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വലുതാണ്.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ 1940 ഡിസംബർ 20നാണ് യാമിനിയുടെ ജനനം. സംസ്‌കൃത പണ്ഡിതനും കവിയുമായ എം കൃഷ്‌ണമൂർത്തിയാണ് പിതാവ്. കുട്ടിക്കാലം മുതൽ നൃത്തത്തിനോട് പ്രത്യേക താൽപര്യമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്താണ് യാമിനി വളർന്നത്. അഞ്ചു വയസുള്ളപ്പോൾ ചെന്നൈയിൽ വിഖ്യാത നർത്തകി രുക്‌മിണീദേവി അരുണ്ഡേലിന്റെ കലാക്ഷേത്ര വിദ്യാലയത്തിൽ ഭരതനാട്യം പഠിക്കാൻ ചേർന്നു.
പിന്നീട് തഞ്ചാവൂർ കിട്ടപ്പ പിള്ള അടക്കമുള്ളവരുടെ കീഴിൽ പരിശീലനം നേടി. വേദാന്തം ലക്ഷ്‌മിനാരായണ ശാസ്‌ത്രി, ചിന്താ കൃഷ്‌ണമൂർത്തി തുടങ്ങിയവരുടെ ശിക്ഷ്യയായി കുച്ചുപ്പുടിയും പങ്കജ് ചരൺ ദാസിന്റെയും കേളുചരൺ മഹാപത്രയുടെയും കീഴിൽ ഒഡീസിയും പഠിച്ചു. 1957ൽ ചെന്നൈയിലായിരുന്നു അരങ്ങേറ്റം. പിന്നീട് അനുപമമായ പ്രതിഭ കൊണ്ട് വേദികൾ കീഴടക്കിയ യാമിനി, അടുത്ത ദശകത്തോടെ രാജ്യത്തെ ഏറ്റവും പ്രഗൽഭരായ നർത്തകിമാരിൽ ഒരാളായി എണ്ണപ്പെട്ടു.
‘എ പാഷൻ ഫോർ ഡാൻസ്’ എന്ന പേരിൽ ആത്‌മകഥ എഴുതിയിട്ടുണ്ട്. ന്യൂഡെൽഹിയിൽ യാമിനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയവും തുടങ്ങിയിരുന്നു. യാമിനി കൃഷ്‌ണമൂർത്തിയെ 1968ൽ പത്‌മശ്രീ, 2001ൽ പത്‌മഭൂഷൺ, 2016ൽ പത്‌മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്റെ ആസ്‌ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.
Most Read| ഭീകരാക്രമണം; സുരക്ഷാ തന്ത്രങ്ങളിൽ നിർണായക മാറ്റത്തിനൊരുങ്ങി സൈന്യം