ജനങ്ങൾക്ക് ഓണാശംസകൾ നേർന്നും പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകിയും മുഖ്യമന്ത്രി

By Desk Reporter, Malabar News
pinarayi vijayan_2020 Aug 29

തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവിധ ഭേദ ചിന്തകൾക്കും അതീതമായി ഏവരും മികച്ചരീതിയിൽ കഴിയുന്ന ഒരുകാലത്തിന്റെ പ്രതീക്ഷയാകട്ടെ ഓണം എന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ഓണാശംസകൾ നേർന്നത്.

” അസാധാരണമായ രോഗ സാഹചര്യത്തിലാണ് തിരുവോണം കടന്നുവരുന്നത്. ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാൻ നമുക്ക് കഴിയുകതന്നെ ചെയ്യും. ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്, ഏത് പ്രതികൂല ഘട്ടതിന് ശേഷവും പ്രകാശമാനമായ ഒരു കാലമുണ്ട് എന്നാണ് സങ്കൽപം. വറ്റാത്ത ഊർജ്ജത്തിന്റെ കേന്ദ്രമാണ് ആ സങ്കൽപം. ഒരുമയും സ്‌നേഹവും സമൃദ്ധിയും ഉണ്ടാകണം എന്നാലോചിച്ച് പ്രയത്‌നിക്കുന്ന ആർക്കും ഊർജ്ജം പകരുന്നതാണ് അത് “- മുഖ്യമന്ത്രി പറഞ്ഞു.

“ഏത് പ്രയാസത്തിലും കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളിയുടെ ശീലം. ഇത്തവണത്തെ പരിമിതികൾ പ്രയാസമുളവാക്കുന്നതാണ്. സാധ്യമായ സഹായമെത്തിക്കാനും ആനുകൂല്യങ്ങൾ നൽകാനും സർക്കാർ ശ്രമിക്കും. എല്ലാവിധ ഭേദ ചിന്തകൾക്കും അതീതമായി ഏവരും മികച്ചരീതിയിൽ ഒരുകാലത്തിന്റെ പ്രതീക്ഷയാകട്ടെ ഓണം. എല്ലാ മലയാളികൾക്കും ഓണാശംസകൾ ” – അദ്ദേഹം തുടർന്നു.

കോവിഡ് വ്യാപനം മുൻപോട്ടു വെച്ച ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. കേരളത്തിലെ രോഗബാധ കുത്തനെ ഉയരുന്നതിനു പകരം ക്രമാനുസൃതമായാണ് വർദ്ധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് ബാധ രൂക്ഷമാകുന്ന ഘട്ടത്തിൽ ആഘോഷങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓൺലൈൻ ഷോപ്പിങിന് കൂടുതൽ പ്രോത്സാഹനം നൽകണമെന്നും ആളുകൾ കൂടി നിൽക്കാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തെ ചിരിയോടെയാണ് അദ്ദേഹം നേരിട്ടത്. മാഹി ബൈപ്പാസിലെ പാലം തകർന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ ചില പ്രത്യേകതകൾ കൊണ്ട് പറയുന്നതാണെന്ന്‌ മുഖ്യമന്ത്രി പരിഹസിച്ചു.

“പഞ്ചവടിപ്പാലത്തിൻ്റെ കാര്യം അദ്ദേഹം പരാമർശിച്ചതായി കണ്ടു. അതൊക്കെ ഓർക്കുന്നത് നല്ലതാണ്. ആ ബൈപ്പാസിന്റെ നിർമ്മാണപ്രവർത്തനം ഉദ്ഘാടനം ചെയ്‌തത് മുഖ്യമന്ത്രിയാണെന്ന പ്രചാരണം ഒരു വഴിക്ക് നടക്കുന്നുണ്ട്. കേരളത്തിലെ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായാണ് മാഹി ബൈപ്പാസ് നിർമ്മിക്കുന്നത്. അതിനായി കേരളത്തിൽ ആവശ്യമായ ഇടപെടൽ നടത്തി യഥാർത്ഥ്യമാക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. അതിനാണ് സർക്കാർ ശ്രമിച്ചത്. അപ്പോഴാണ് ഭൂമിയേറ്റെടുക്കാനുള്ള പണത്തിൻ്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനു നാം തയ്യാറായി. ഒരു ഭാഗം നമ്മൾ കൊടുത്തു എന്നു വച്ചാൽ പദ്ധതിയാകെ നാം നടത്തുന്നുവെന്നല്ല “- മുഖ്യമന്ത്രി പ്രതികരിച്ചു. സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ചും പത്രസമ്മേളനത്തിൽ ചോദ്യങ്ങളുയർന്നു. ജിഎസ്‍ടി നഷ്ടപരിഹാരം വീതിക്കുന്നതിൽ സംസ്ഥാനം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും നഷ്‌ടപരിഹാരം പൂർണമായും കിട്ടിയേ തീരൂ എന്നും മുഖ്യമന്ത്രി മറുപടി നൽകി.

” ജിഎസ്‌ടി നഷ്‌ടം വഹിക്കുന്നതിലെ വേർതിരിവ് അംഗീകരിക്കാനാവില്ല. ഈ നഷ്‌ടം കേന്ദ്രം വായ്‌പ എടുത്ത് നികത്തണം.ജിഎസ്‌ടി കൗൺസിലിൽ ഈ നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം കേരളം മുൻകയ്യെടുത്ത് നടത്താൻ ധാരണയായിട്ടുണ്ട് “-മുഖ്യമന്ത്രി വ്യക്തമാക്കി.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE