ഇംഫാൽ: വർഗീയ കലാപം രൂക്ഷമായ മണിപ്പൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സന്ദർശിക്കും. മൂന്ന് ദിവസം അമിത് ഷാ സംസ്‌ഥാനത്ത് തുടരും. ഗവർണറുമായും മുഖ്യമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്‌ഥരുമായും ചർച്ചകൾ നടത്തും. ആക്രമണം ഉണ്ടായ മേഖലകൾ അമിത് ഷാ സന്ദർശിക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചു സമാധാന ശ്രമങ്ങൾ നടത്തുകയാണ് ലക്ഷ്യം.
ജൂൺ ഒന്നിനാണ് അമിത് ഷാ മണിപ്പൂരിൽ നിന്ന് മടങ്ങുക. അതേസമയം, മണിപ്പൂർ കലാപത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ തേടാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം നാളെ രാഷ്‌ട്രപതിയെ കാണും. കേന്ദ്ര സർക്കാർ കാഴ്‌ചക്കാരായി മാറിയെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കലാപം തുടരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
അതിനിടെ, മണിപ്പൂർ സംഘർഷ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളെ കണ്ടിരുന്നു. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമം അഴിച്ചു വിട്ടവർക്കെതിരെയാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലരെ അറസ്‌റ്റ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു. ഇംഫാലിൽ അടക്കം കർഫ്യൂവും ഇന്റെർനെറ്റ് നിരോധനവും തുടരുകയാണ്.
Most Read: അണയാതെ സമരം; ഇന്ന് മുതൽ വീണ്ടും സത്യഗ്രഹം ഇരിക്കുമെന്ന് ഗുസ്‌തി താരങ്ങൾ