ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നടത്താനിരുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞ പോലീസ് നടപടിയിൽ പ്രതിഷേധിച്ചു ഇന്ന് മുതൽ ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങുമെന്ന് ഗുസ്‌തി താരങ്ങൾ. സമരം അവസാനിപ്പിച്ചിട്ടില്ലെന്നും, ജന്തർ മന്ദറിലെത്തി വീണ്ടും സത്യഗ്രഹം ഇരിക്കുമെന്നും സാക്ഷി മാലിക് ഉൾപ്പടെയുള്ള താരങ്ങൾ വ്യക്‌തമാക്കി. അതിനിടെ, ഇന്നലെ നടന്ന സംഘർഷങ്ങൾക്ക് പിന്നാലെ താരങ്ങളുടെ സമരവേദി ഡെൽഹി പോലീസ് പൂർണമായും പൊളിച്ചു മാറ്റിയിട്ടുണ്ട്.
സംഘർഷത്തിൽ ഗുസ്‌തി താരങ്ങൾക്ക് എതിരെ പോലീസ് കെസെടുത്തിട്ടുണ്ട്. കലാപശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, കൃത്യനിർവഹണം തടസപ്പെടുത്താൻ, ഉദ്യോഗസ്‌ഥൻ പ്രഖ്യാപിച്ച ഉത്തരവ് ലംഘിക്കുക, സ്വമേധയാ ഉദ്യോഗസ്‌ഥരെ ആക്രമിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഇത് കൂടാതെ പിഡിപിപി ആക്‌ടിലെ സെക്ഷൻ മൂന്നും ചുമത്തിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം സംഘർഷത്തിനിടെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത ബജ്റംഗ് പുനിയയെ രാത്രി വൈകിയാണ് വിട്ടയച്ചത്. ലൈംഗിക പീഡനക്കേസിൽ പ്രതിയായ ആൾ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തത് നിർഭാഗ്യകരമെന്ന് ബജ്റംഗ് പുനിയ പ്രതികരിച്ചു. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ മുൻനിര താരങ്ങളെയെല്ലാം കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പോലീസ് നേരത്തെ വിട്ടയച്ചിരുന്നു.
ജനാധിപത്യത്തെ പരസ്യമായി കൊലപ്പെടുത്തിയെന്ന് വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്‌തു. സംഘർഷത്തിലേക്ക് നയിച്ചത് പോലീസ് ആണെന്ന് സാക്ഷി മാലിക് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പാർലമെന്റ് മന്ദിരത്തിന് സമീപം മഹിളാ പഞ്ചായത്ത് നടത്താനൊരുങ്ങിയ ഗുസ്‌തി താരങ്ങളെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വനിതാ താരങ്ങളെ അടക്കം ബലം പ്രയോഗിച്ചു റോഡിലൂടെ വലിച്ചിഴച്ചു പോലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു.
Most Read: അരിക്കൊമ്പൻ ചുരുളിക്ക് സമീപം; നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനംവകുപ്പ്