നിലമ്പൂർ: ഡിസിസി പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടിയിരുന്ന അഡ്വ വിവി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോവിഡ് ബാധിതനായ ഇദ്ദേഹം അതിൽ നിന്ന് പൂർണ മോചനം നേടിയിരുന്നു. കെഎസ്‍യുവിൽ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്‌ഥാന ജനറൽ സെക്രട്ടറി, റീജണൽ ഫിലിം സെൻസർ ബോർഡ്, സംസ്‌ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
2011ൽ തവനൂരിൽ നിന്ന് മൽസരിച്ചിരുന്നെങ്കിലും കെടി ജലീലിനോട് പരാജയപ്പെട്ടു. സൗമ്യനും ശാന്തശീലനുമായ ഇദ്ദേഹം രാഷ്‌ട്രീയത്തിന് അതീതമായി സൗഹൃദങ്ങളുള്ള മനുഷ്യ സ്‌നേഹിയായിരുന്നു. രാഷ്‌ട്രീയ പ്രസംഗങ്ങളിൽ പോലും മിതത്വവും മാന്യതയും പുലർത്തിയിരുന്ന അപൂർവം സംശുദ്ധ രാഷ്‌ട്രീയ പ്രവർത്തകരിൽ ഒരാളായിരുന്നു വിവി പ്രകാശ്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിന് സമീപം എടക്കര സ്വദേശിയാണ്. ഭാര്യ സ്‌മിത പ്രകാശൻ ബാങ്കിൽ ജോലിനോക്കുന്നു. വിദ്യാർഥികളായ രണ്ടു പെൺകുട്ടികളുണ്ട് ഈ ദമ്പതികൾക്ക്. സംസ്‌കാര ചടങ്ങുകൾ രണ്ടുമണിക്ക് മുൻപ് വീടിനു സമീപം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Most Read: ‘ഇന്ത്യയിലെ ഒരു പത്രമെങ്കിലും മോദിയുടെ രാജി ആവശ്യപ്പെടുമോ’; റാണ അയൂബ്