ശ്രീനഗർ: ജമ്മു കശ്‌മീരിൽ മണ്ഡല പുനർനിർണയം മെയ് ആറിന് പൂർത്തിയാകും. ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ നടത്തുകയാണ് രാഷ്‌ട്രീയ പാർട്ടികൾ. മണ്ഡല പുനർനിർണയം പൂർത്തിയായ ശേഷം സുരക്ഷ വിലയിരുത്തിയാകും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നലെയാണ് മണ്ഡല പുനർനിർണയത്തിന് സമിതിയെ ചുമതലപ്പെടുത്തിയത്. ഈ സമിതി മെയ് ആറിന് അന്തിമ റിപ്പോർട് സമർപ്പിക്കും.ഇതിനിടെയാണ് തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്നത്. മണ്ഡല പുനർനിർണയത്തിന്റെ കരടിൻമേൽ അഭിപ്രായങ്ങൾ സമർപ്പിക്കാൻ മാർച്ച് 21 വരെ സമയം നൽകിയിട്ടുണ്ട്.
ലോക്‌സഭാ മണ്ഡലങ്ങൾ അഞ്ചാക്കി നിലനിർത്തും. മണ്ഡല പുനർനിർണയം പൂർത്തിയാകുമ്പോൾ മണ്ഡലങ്ങൾ 83ൽ നിന്ന് 90 ആയി ഉയർന്നേക്കും. ആറ് മണ്ഡലങ്ങൾ ജമ്മുവിലും ഒരു മണ്ഡലം കശ്‌മീരിലും പുതുതായി വരും. നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോഴേക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്‌തമാക്കണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്‌ഥാനത്തെ നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിരിക്കുന്ന നിർദ്ദേശം.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഈ മാസം ഏഴിന് ജമ്മു കശ്‌മീരിൽ എത്തി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള രാഷ്‌ട്രീയ സാഹചര്യങ്ങളെ കുറിച്ചും നഡ്ഡ കൂടിയാലോചന നടത്തി. ശക്‌തമായ സാന്നിധ്യമായി ഉണ്ടാകുമെന്നും ബിജെപിയെ തോൽപ്പിക്കുമെന്നുമാണ് പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയുടെ പ്രതികരണം. ഈ വർഷം അവസാനം ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ജമ്മു കശ്‌മീരിലും തിരഞ്ഞെടുപ്പ് നടക്കുമോ എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Most Read: തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും