ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചു. എക്‌സ് ബി ബി1.16 എന്ന പുതിയ വകഭേദമാണ് സ്‌ഥിരീകരിച്ചത്. 76 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. പുതിയ കോവിഡ് കേസുകൾ വീണ്ടും ഒരു വർധനക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്‌ധർ. എന്നാൽ, പുതിയ വകഭേദം ഗുരുതരമല്ലെന്നാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് എയിംസ് മുൻ ഡയറക്‌ടറും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായിരുന്ന ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. കർണാടക (30), മഹാരാഷ്‌ട്ര (29), പുതുച്ചേരി (7), ഡെൽഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചൽ പ്രദേശ് (1), ഒഡിഷ (1) എന്നിവിടങ്ങളിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ജനുവരിയിലാണ് ഇന്ത്യയിൽ എക്‌സ് ബി ബി 1.16 വകഭേദം ആദ്യമായി റിപ്പോർട് ചെയ്‌തത്.
മാർച്ചിൽ മാത്രം 15 പേരിലാണ് പുതിയ വകഭേദം സ്‌ഥിരീകരിച്ചതെന്ന് സർക്കാർ ഏജൻസിയായ ഇൻസകോഗ് വ്യക്‌തമാക്കി. അതേസമയം, രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്. 841 പേരാണ് ഇന്നലെ രോഗബാധിതരായി ചികിൽസ തേടിയത്. നാല് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം 5389 ആയി വർധിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: ട്രൈബ്യൂണൽ ഉത്തരവ് ഗൗരവത്തോടെ കാണുന്നു; മന്ത്രി എംബി രാജേഷ്