ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ത്യയിലെ കോവിഡ് കേസുകൾ ഒരു കോടി പിന്നിടുന്നത്. ഇന്ന് 25,000ത്തിൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെയാണ് ഒരു കോടി കടന്നതെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
അമേരിക്കക്ക് ശേഷം കോവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,153 കോവിഡ് കേസുകളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്. 3,08,751 സജീവ രോഗികളാണ് നിലവിലുള്ളത്. 95,50,712 പേർക്ക് രോഗമുക്‌തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 347 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,45,136 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളിലും കുറവ് അനുഭവപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ രാജ്യത്താകമാനം ആയിരത്തിലധികം മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവിലത് 400ല്‍ താഴെയാണ്.
രാജ്യത്ത് കോവിഡ് പരിശോധന പ്രതിദിനം 11 ലക്ഷത്തിൽ അധികമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,71,868 സാമ്പിളുകളാണ് പരിശോധിച്ചത്. സാമ്പിളുകളുടെ എണ്ണം വർധിച്ചപ്പോഴും രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നലത്തെ കണക്കുകൾ കൂടി ചേർന്നതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 16,00,90,514 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്‌തമാക്കി.
രാജ്യത്ത് നിലവില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെ 5456 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്.
Also Read: ആഭ്യന്തര മന്ത്രി ബംഗാളിൽ; ബിജെപിയിൽ ചേരാനൊരുങ്ങി തൃണമൂൽ നേതാക്കളുടെ പട