തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നഴ്‌സുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മണിക്കൂർ ഒപി ബഹിഷ്‌കരിച്ചു. ഡ്യൂട്ടി ഓഫ് റദ്ദാക്കിയ നടപടിയിൽ സൂചന സമരം എന്ന നിലയിലാണ് ഇന്നത്തെ പ്രതിഷേധം. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്താനാണ് ഇവരുടെ തീരുമാനം.
പത്ത് ദിവസം കോവിഡ് ഡ്യൂട്ടി ചെയ്‌താൽ മൂന്ന് ദിവസം ഓഫ് എന്ന രീതിയിലായിരുന്നു ഇത് വരെ നഴ്‌സുമാർക്ക് ഡ്യൂട്ടി ക്രമീകരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. രാവിലെ 8.30 മുതൽ 9.30 വരെയാണ് ഡ്യൂട്ടി ബഹിഷ്‌കരിച്ചത്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് അധികൃതരുമായി ചര്‍ച്ച നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഏഴ് ഡ്യൂട്ടിക്ക് ഒരു നൈറ്റ് ഓഫ് നല്‍കാനേ കഴിയൂ എന്നാണ് സൂപ്രണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തിര ഇടപെടലാണ് സമരക്കാര്‍ പ്രതീക്ഷിക്കുന്നത്.
കോവിഡ് മാർഗനിർദേശം പാലിച്ചായിരുന്നു സമരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാനേജ്മെന്റ് ക്രൂരമായാണ് നഴ്‌സുമാരോട് പെരുമാറുന്നതെന്ന് നഴ്‌സസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് അനസ് ആരോപിച്ചു.
Read Also: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി

































