മൂന്നാം തരംഗം; ആക്ഷന്‍ പ്ളാൻ തയ്യാറാക്കി ആരോഗ്യ വകുപ്പ്, പ്രതിദിന വാക്‌സിനേഷന്‍ രണ്ടര ലക്ഷം വരെ ഉയർത്തും

By Desk Reporter, Malabar News
covid Third Wave; The health department will prepare an action plan and increase the daily vaccination to 2.5 lakh
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിന് നടപ്പിലാക്കേണ്ട ആക്ഷന്‍ പ്ളാൻ ആവിഷ്‌കരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് നടപടി. ആശുപത്രികളിലെ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിർദ്ദേശം നല്‍കി.

സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. അതിന് ആവശ്യമായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. അതിനുള്ള സൗകര്യങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കണം. രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അറിയാത്ത സാധാരണക്കാര്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്‌ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിന്‍ സുഗമമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റെയും ലോക്ക്ഡൗണിന്റെയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരികയാണ്. നിലവില്‍ കോവിഡിനായി മാറ്റിവെച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്‌ജമാക്കും. ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉൽപാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്‌സിജന്‍ പ്ളാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെഎംഎസ്‌സിഎല്ലിന് നിർദ്ദേശം നല്‍കി.

മൂന്നാം തരംഗം കുട്ടികളെ കൂടി ബാധിക്കുമെന്ന് കണ്ട് സര്‍ജ് പ്ളാൻ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. മെഡിക്കല്‍ കോളേജുകള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ തിങ്കളാഴ്‌ച മുതല്‍ പീഡിയാട്രിക് സൗകര്യങ്ങള്‍ ഉയര്‍ത്തി വരുന്നു. വിദഗ്‌ധ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. പീഡിയാട്രിക് ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി നിർദ്ദേശം നല്‍കി.

Most Read:  ‘ഗോ പട്ടേല്‍ ഗോ’ പ്രതിഷേധം ശക്‌തം: പരിഷ്‌കാര നടപടികള്‍ ദുരുപയോഗം ചെയ്യില്ല; പട്ടേൽ

ഐസിയു ജീവനക്കാര്‍ക്ക് ഇടക്കിടക്ക് വിദഗ്‌ധ പരിശീലനം നല്‍കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പരിശീലനവും നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

കുടുംബത്തിലെ ഒരംഗത്തില്‍ നിന്നും മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ വളരെയേറെ ശ്രദ്ധിക്കണം. വീട്ടില്‍ സൗകര്യമില്ലാത്തവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കും. മരണം കൂടുന്നതിനാല്‍ പ്രായമായവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നീ ഹൈ റിസ്‌ക് വിഭാഗത്തെ കേന്ദ്രീകരിച്ച് പ്രത്യേക അവബോധം നടത്തും. ഇത്തരത്തിലുള്ളവരുടെ വീടുകളില്‍ കോവിഡ് പോസിറ്റീവായാല്‍ പ്രത്യേകം ശ്രദ്ധ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ജില്ലകളിലെ ഇപ്പോഴത്തെ അവസ്‌ഥയും ജില്ലാതല ഒരുക്കങ്ങളും ഇനി ചെയ്യേണ്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്‌തു. ജില്ലാ തലത്തില്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങളും ഇനി ആവശ്യമായതും സംബന്ധിച്ചുള്ള റിപ്പോർട് നാളെത്തന്നെ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരു പരിപാടിയും ആരോഗ്യ സ്‌ഥാപനങ്ങളില്‍ സംഘടിപ്പിക്കരുതെന്നും മന്ത്രി നിർദ്ദേശം നല്‍കി.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്‌സിഎല്‍ എംഡി ബാലമുരളി, ആരോഗ്യ വകുപ്പ് ഡയറക്‌ടർ ഡോ. ആര്‍ രമേഷ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഡോ. എ റംലബീവി, അഡീഷണല്‍ ഡയറക്‌ടർമാര്‍, ഡെപ്യൂട്ടി ഡയറക്‌ടർമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Most Read:   പോലീസുകാർക്കിടയിലെ കോവിഡ് വ്യാപനം; തലസ്‌ഥാന നഗരിയിൽ വർധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE