വടക്കാഞ്ചേരി: ലൈഫ് മിഷനെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതിയെ തകർക്കാനുള്ള യുഡിഎഫ് ശ്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സിപിഎം ഇന്ന് ബഹുജന സത്യാഗ്രഹം നടത്തും. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇന്ന് വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരിയിലാണ് സത്യാഗ്രഹം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും.
സ്ഥലം എംഎൽഎയും മുഖ്യപ്രതിപക്ഷമായ യുഡിഎഫും അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് ലൈഫ് പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈഫ് പദ്ധതിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചിരുന്നു. രണ്ടാം ലാവ്‌ലിന്‍ എന്നാണ് ചെന്നിത്തല പദ്ധതിയെ വിശേഷിപ്പിച്ചത്.
ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കാൻ വിദേശ സഹായം തേടിയതിനെ ചൊല്ലിയുണ്ടായ വിവാദം സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.