‘പണം ഉള്ളവനും ഇല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്’; കായികമന്ത്രിയെ തള്ളി എംവി ജയരാജൻ

പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽ കണ്ടുവെന്ന് പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം പരാമർശങ്ങൾ വരുത്തുന്ന നഷ്‌ടം കെസിഎയ്‌ക്ക് മാത്രമല്ല, സർക്കാരിന് കൂടിയാണ്. ഇനിയെങ്കിലും ഇത് മനസിലാക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
mv-jayarajan-against-v abdhurahman
Ajwa Travels

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മൽസരം നടന്ന കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിൽ കായികമന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ സിപിഎമ്മിലും വിമർശനം. പട്ടിണി പാവങ്ങൾ കളി കാണേണ്ടെന്ന് പറയുന്ന നിലപാട് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അഭിപ്രായപ്പെട്ടു.

‘പണം ഉള്ളവനും ഇല്ലാത്തവനും എല്ലാം കാണേണ്ട കളിയാണ് ക്രിക്കറ്റ്. ലോകകപ്പ് ഫുട്‌ബോളിന്റെ സമയത്താണ് സ്‌പോർട്‌സിനോട് നമ്മുടെ ആളുകൾക്ക് ഉള്ള താൽപര്യം ശരിക്ക് മനസിലാക്കിയത്. ക്രിക്കറ്റ് കളി കാണേണ്ടത് തന്നെയാണ്’- എംവി ജയരാജൻ പറഞ്ഞു.

അതിനിടെ, കായിക മന്ത്രിയുടെ പ്രസ്‌താവനയെ തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. കാര്യവട്ടം സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മൽസരത്തിന് കാണികൾ കുറഞ്ഞതിൽ കായികമന്ത്രി വി അബ്‌ദുറഹ്‌മാനെതിരെ രൂക്ഷവിമർശനമാണ് പന്ന്യൻ രവീന്ദ്രൻ ഉന്നയിച്ചത്.

പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽ കണ്ടുവെന്ന് പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം പരാമർശങ്ങൾ വരുത്തുന്ന നഷ്‌ടം കെസിഎയ്‌ക്ക് മാത്രമല്ല, സർക്കാരിന് കൂടിയാണ്. ഇനിയെങ്കിലും ഇത് മനസിലാക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ വ്യക്‌തമാക്കി.

അതേസമയം, ഏകദിനത്തിൽ കാണികൾ കുറഞ്ഞതിന് പല കാരണം ഉണ്ടെന്നും അത് കണ്ടെത്തണം എന്നുമായിരുന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പാവപ്പെട്ടവർ കളി കാണേണ്ടെന്ന് കായികമന്ത്രി പറഞ്ഞിട്ടില്ലെന്നും, പ്രതിപക്ഷ നേതാവിന്റെ പ്രതികരണം രാഷ്‌ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

‘അങ്ങനെ ഏതെങ്കിലും ഒരു കാരണം കൊണ്ടാണ് സ്‌റ്റേഡിയത്തിൽ ആള് കുറഞ്ഞതെന്ന് പറയുന്നത് ശരിയല്ല. പല കാരണങ്ങളും ഉണ്ടാകാം. ഞങ്ങൾ അത് വിശകലനം ചെയ്‌തിട്ടില്ല. പാവപ്പെട്ടവർ കളി കാണേണ്ട എന്നൊന്നും മന്ത്രി പറഞ്ഞിട്ടില്ല. ടിക്കറ്റിന്റെ ചാർജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു വന്നപ്പോൾ പറഞ്ഞതാണ്. പാവപ്പെട്ടവർ ക്രിക്കറ്റ് കാണേണ്ടെന്ന് ആരെങ്കിലും പറയുമോ? അതൊന്നുമല്ല ഉദ്ദേശിച്ചത്. പറഞ്ഞത് അതല്ലെന്നും മന്ത്രി പറഞ്ഞു. എന്നോട് ചോദിച്ചപ്പോഴെല്ലാം ഞാനും പറഞ്ഞു’-എംവി ഗോവിന്ദൻ വ്യക്‌തമാക്കി.

കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതിൽ പ്രതികരണവുമായി ശശി തരൂർ എംപിയും രംഗത്തെത്തി. ‘ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നുമുണ്ട്. മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്‌റ്റേഡിയം ബഹിഷ്‌കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്‌ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്‌കരിക്കേണ്ടി ഇരുന്നത്. ഒഴിഞ്ഞ സ്‌റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്‌ഥ ഉണ്ടായി. ഒരു മനുഷ്യൻ ചെയ്‌ത തെറ്റിനാണ് ക്രിക്കറ്റിനെയും സ്‌റ്റേഡിയത്തെയും ബഹിഷ്‌കരിക്കുന്ന അവസ്‌ഥ ഉണ്ടായതെന്നും’ തരൂർ കുറ്റപ്പെടുത്തി.

Most Read: ഷെയർചാറ്റിലും കൂട്ടപ്പിരിച്ചു വിടൽ; അഞ്ഞൂറോളം ജീവനക്കാർക്ക് ജോലി നഷ്‌ടമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE