മുംബൈ: ലഹരിപാർട്ടി കേസില്‍ കേവലം വാട്‌സ്ആപ്പ് ചാറ്റുകളുടെ മാത്രം അടിസ്‌ഥാനത്തിൽ കുറ്റം തെളിയിക്കാൻ സാധിക്കില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹരജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
“എന്‍സിബിയുടെ റിപ്പോര്‍ട് പ്രകാരം ആചിത് കുമാറാണ് ഇരുവര്‍ക്കും (ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ്) ലഹരി മരുന്ന് എത്തിച്ചു നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കാൻ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞിട്ടില്ല. കുറ്റം ആരോപിക്കപ്പെടുന്ന ആര്യന്‍ ഖാനുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് മാത്രമാണ് അവര്‍ക്ക് ഹാജരാക്കാന്‍ സാധിച്ചത്.
ഇത്തരം പ്രവര്‍ത്തനങ്ങളുമായി ആചിത് കുമാറിന് ബന്ധമുണ്ടെന്ന് കാണിക്കാന്‍ മറ്റൊരു തെളിവും ഹാജരാക്കിയിട്ടുമില്ല. കേവലം വാട്‌സ്ആപ്പ് ചാറ്റുകളെ അടിസ്‌ഥാനമാക്കി ആചിത് ആര്യന്‍ ഖാന് ലഹരി മരുന്ന് വിതരണം ചെയ്‌തുവെന്ന് കണക്കാക്കാന്‍ സാധിക്കില്ല”- കോടതി ചൂണ്ടിക്കാട്ടി.
ആചിത് കുമാറിനെ 2.6 ഗ്രാം കഞ്ചാവുമായാണ് എന്‍സിബി അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ ഒരു കഞ്ചാവ് വില്‍പനക്കാരനാണെന്നും ആണെന്നും നഗരത്തിലെ കഞ്ചാവ് വിൽപന ശൃംഖലയുടെ ഭാഗമാണെന്നും എന്‍സിബി കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങൾ സ്‌ഥിരീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇക്കാര്യങ്ങൾ യുവാവിന്റെ ഭാവിയെ ബാധിക്കുമെന്ന് ആചിതിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.
ആചിത് ഗൂഢാലോചന നടത്തി എന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍സിബിക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും, ഗൂഢാലോചനയിൽ പങ്കാളികളായി എന്നാന്നാരോപിക്കുന്ന പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനാലും ആചിത് കുമാറിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. ഒക്‌ടോബര്‍ രണ്ടിനാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്‌റ്റഡിയിലായത്.
Read also: വൈദ്യുതി നിരക്ക് കുറച്ച് പഞ്ചാബ് സർക്കാർ; തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് എഎപി