തിരുവനന്തപുരം : കോൺസുലേറ്റ് വഴി സ്വർണം കടത്തിയ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിൽ കസ്‌റ്റംസ്. നിലവിൽ കേസിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മീഷണർ സുമിത് കുമാർ സ്‌ഥലം മാറി പോകുന്നതിനാലാണ് കുറ്റപത്രം അടിയന്തിരമായി സമർപ്പിക്കാൻ കസ്‌റ്റംസ് തയ്യാറെടുക്കുന്നത്. ഈ മാസം 27ആം തീയതിയാണ് സുമിത് കുമാർ ഭീവണ്ടിയിലേക്ക് സ്‌ഥലം മാറ്റം കിട്ടി പോകുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി കേസിൽ അവസാനവട്ട നിയമവശങ്ങൾ പരിശോധിക്കാനായി കേസന്വേഷണ ചുമതലയുള്ള കസ്‌റ്റംസ് സൂപ്രണ്ട് അസിസ്‌റ്റന്റ് സോളിസിറ്റർ ജനറലുമായി കൂടിക്കാഴ്‌ച നടത്തി. എന്നാൽ കസ്‌റ്റംസ് കമ്മീഷണറുടെ പെട്ടെന്നുള്ള സ്‌ഥലം മാറ്റത്തിൽ ഉദ്യോഗസ്‌ഥർക്കിടയിൽ അതൃപ്‌തിയുണ്ട്. പ്രധാനപ്പെട്ട കേസുകളുടെ മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്‌ഥനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്നാണ് വിമർശനം ഉയരുന്നത്.
അതേസമയം കേസിൽ രാഷ്‌ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താൻ ഭീഷണിപ്പെടുത്തിയെന്ന പ്രതി സരിത്തിന്റെ ആരോപണത്തിൽ കൊച്ചി എൻഐഎ കോടതി മറ്റന്നാൾ വിധി പറയും. പ്രതിയുടെ മൊഴിയെ അടിസ്‌ഥാനമാക്കി ജയിൽ ഉദ്യോഗസ്‌ഥർക്കെതിരെ അന്വേഷണം വേണോയെന്ന കാര്യത്തിലാണ് കോടതി വിധി പറയുക. കൂടാതെ പ്രതികളെ ജയിൽ മാറ്റണമെന്ന എൻഐഎയുടെ ആവശ്യത്തിലും കോടതി തീരുമാനമെടുക്കും.
Read also : അഭിമാന താരമായി കിരൺ; വൈകാതെ ഇന്ത്യൻ ടീമിലേക്ക്