കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുൽ ഈശ്വർ സൈബർ ഇടത്തിൽ ഒരു ആസൂത്രണ കുറ്റകൃത്യം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും ഹണി റോസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
”തുടർച്ചയായി മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ വരുന്ന, എന്റെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, അശ്‌ളീല, ദ്വയാർഥ അപമാന കുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിലുള്ള കേസിലെ പരാതിക്കാരി ആയ തന്നെ കടുത്ത മാനസികവ്യഥയിലേക്ക് തള്ളിയിടുകയും ആത്‍മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എനിക്കെതിരെ സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സാമൂഹിമ മാദ്ധ്യമം വഴിയും വെല്ലുവിളികൾ നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു”- ഹണി റോസ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻഡ് ചെയ്‌തതിന് പിന്നാലെ വിചിത്രവാദവുമായി രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു മിനിറ്റിന്റെ തമാശയ്‌ക്ക് ഒരാളെ വർഷങ്ങളോളം ജയിലിൽ ഇടണമെന്ന് പറയുന്നത് അന്യായമാണ്. ബോബി ചെമ്മണ്ണൂരിനെ സോഷ്യൽ ഓഡിറ്റ് ചെയ്യുന്നപോലെ ഹണി റോസും ഓഡിറ്റ് ചെയ്യപ്പെടണമെന്നും രാഹുൽ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു.
ബോബിക്കെതിരെ പരാതി നൽകിയത് സംബന്ധിച്ച് ചാനൽ ചർച്ചയിൽ തന്റെ വസ്‌ത്രധാരണത്തെ കുറിച്ച് പരാമർശിച്ച രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് രംഗത്തെത്തിയിരുന്നു. രാഹുൽ ഈശ്വറിന്റെ മുന്നിൽ വരേണ്ട സാഹചര്യമുണ്ടായാൽ താൻ വസ്‌ത്രധാരണത്തിൽ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസിന്റെ പോസ്‌റ്റ്.
രാഹുൽ ഈശ്വർ പൂജാരി ആവാതിരുന്നത് നന്നായെന്നും അങ്ങനെയായിരുന്നെങ്കിൽ തന്റെ നിയന്ത്രണം നഷ്‌ടപ്പെടാതിരിക്കാൻ ക്ഷേത്രത്തിൽ വരുന്ന സ്‌ത്രീകൾക്ക് രാഹുൽ പ്രത്യേക ഡ്രസ് കോഡ് ഏർപ്പെടുത്തുമായിരുന്നുവെന്നും ഹണി റോസ് തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ വ്യക്‌തമാക്കിയിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്