തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കു കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ അറബിക്കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായാണ് കേരളം, കർണാടക, തമിഴ്‌നാട് സംസ്‌ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിന് ഉള്ളിലേക്ക് മാറണം. ശക്‌തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽജനലും വാതിലും അടച്ചിടുക. വീട്ടിലെ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിന് അകത്തു തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക, ഇടിമിന്നൽ ഉള്ള സമയത്ത് കഴിവതും പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കുക. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുതെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകി.
Most Read: 27ആം കേരള രാജ്യാന്തര ചലച്ചിത്ര മേള ഇക്കൊല്ലം തന്നെ