തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് റിപ്പോർട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ആന്ധ്രാപ്രദേശ് – ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഇതിന്റെ സ്വാധീനം കേരളത്തിൽ ശക്‌തമായ കാറ്റിനും മഴക്കും കാരണമാകും.
ഇതേത്തുടർന്ന് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതിശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
കേരളം-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ 27-08-2021 മുതൽ 30-08-2021 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റ് വീശാനും, മോശം കാലാവസ്‌ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. മേൽപറഞ്ഞ തീയതികളിൽ മൽസ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് നൽകി.
Most Read: കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു