കാബൂൾ: അഫ്‌ഗാനിലെ കാബൂൾ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 103 ആയി ഉയർന്നു. സ്‌ഫോടനത്തിൽ മരിച്ചവരിൽ 90 അഫ്‌ഗാൻ പൗരൻമാരും 13 യുഎസ് സൈനികരുമാണ് ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം കൊല്ലപ്പെട്ട ആളുകളുടെ കൂട്ടത്തിൽ താലിബാൻകാരും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ഇന്നലെ വൈകുന്നേരത്തോടെ ആദ്യ സ്‍ഫോടനം ഉണ്ടായത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്‌ടമായത്. കൂടാതെ കൂടുതൽ പേർക്ക് ഇവിടെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. തുടർന്നാണ് വിമാനത്താവളത്തിന്റെ പരിസരത്തുള്ള ബാരൺ ഹോട്ടലിന് സമീപം രണ്ടാം സ്‍ഫോടനം ഉണ്ടായത്.
വിമാനത്താവളത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്‌തമാക്കിയിരുന്നു. ഇതേ തുടർന്ന് ഇവിടെ സുരക്ഷയും ശക്‌തമാക്കിയിരുന്നു. നിലവിൽ വിമാനത്താവളത്തിൽ ഉണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ സംഭവത്തിൽ ശക്‌തമായ തിരിച്ചടി ഉണ്ടാകുമെന്നും, ആക്രമണം നടത്തിയവർക്ക് മാപ്പില്ലെന്നും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ വ്യക്‌തമാക്കി.
Read also: തൃശൂർ കോർപറേഷനിൽ കൗൺസിലർമാരുടെ തമ്മിലടി; മേയർ ഓടിരക്ഷപെട്ടു