തൃശൂർ: മാസ്‌റ്റർ പ്ളാൻ ചർച്ച ചെയ്യാൻ ചേർന്ന തൃശൂർ കോർപറേഷൻ കൗൺസിലിൽ സംഘർഷം. പ്രതിപക്ഷ ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേമ്പറിൽ അതിക്രമിച്ച് കയറിയാണ് ഏറ്റുമുട്ടിയത്. മാസ്‌റ്റർ പ്ളാൻ തയ്യാറാക്കുന്നതിനെ ചൊല്ലി കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് തമ്മിലടിച്ചത്.
കൗൺസിൽ അംഗീകരിച്ച മാസ്‌റ്റർ പ്ളാൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. തന്റെ കസേര വലിച്ചെറിഞ്ഞുവെന്നും താൻ യോഗത്തിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു എന്നും മേയർ പ്രതികരിച്ചു. ചേമ്പറിൽ നിന്ന് ഇറങ്ങിയോടിയ മേയർ ക്യാബിനിൽ വന്നിരിക്കുകയായിരുന്നു.
23 കൗൺസിലർമാരുടെ നിർദ്ദേശപ്രകാരമാണ് മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചുചേർത്തത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്‌റ്റർ പ്ളാൻ റദ്ദാക്കണമെന്നാണ് കൗൺസിലർമാരുടെ പ്രധാന ആവശ്യം. ജനാധിപത്യ വിരുദ്ധമായി മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മാസ്‌റ്റർ പ്ളാൻ തയ്യാറാക്കിയത് നിയമവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡണ്ട് എംപി വിൻസന്റ് പറഞ്ഞു.
കൗൺസിൽ പോലുമറിയാതെ കളവായി കൗൺസിൽ തീരുമാനം എഴുതിച്ചേർത്ത നടപടിയിൽ സിപിഎം വിശദീകരണം നൽകണം. മാസ്‌റ്റർ പ്ളാൻ സംബന്ധിച്ച് ജനങ്ങളുടെ വ്യാപക പരാതി നിലനിൽക്കുന്നതിനാൽ ഇത് റദ്ദ് ചെയ്‌ത് പുതിയ മാസ്‌റ്റർ പ്ളാൻ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു.
കൗൺസിലിന്റെ അധികാരം കവർന്ന് സർക്കാരും സിപിഎമ്മും ചേർന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേൽപ്പിച്ച മാസ്‌റ്റർ പ്ളാൻ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ നിലപാടെടുത്തു. അതേസമയം, നിയമപ്രകാരമുള്ള മാസ്‌റ്റർ പ്ളാൻ നടപ്പാക്കാനുള്ള അവസരം തുലച്ച് കളയുന്നത് തൃശൂരിന്റെ ഭാവിയോട് ചെയ്യുന്ന വലിയൊരു ചതിയായിരിക്കും എന്നാണ് മേയർ എംകെ വർഗീസിന്റെ പ്രതികരണം.
Also Read: ഉടൻ ശസ്‌ത്രക്രിയ നടത്തണം; ഹത്രസിൽ അറസ്‌റ്റിലായ അതീഖുർ റഹ്‌മാന്റെ നില ഗുരുതരം