ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകളാണ്. 40,953 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,15,55,284 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 188 ആളുകളാണ് കോവിഡിനെ തുടർന്ന് മരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,59,594 ആയി ഉയർന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 1,11,07,332 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ സാഹചര്യം സങ്കീര്‍ണമാണ്. മഹാരാഷ്‌ട്രയില്‍ കോവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ 60 ശതമാനവും മഹാരാഷ്‌ട്രയിൽ നിന്നാണ്.
25,681 ആളുകൾക്കാണ് മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്രക്കൊപ്പം തന്നെ മധ്യപ്രദേശ്, പഞ്ചാബ്, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്‍ഡോര്‍, ഭോപ്പാല്‍, ജപല്‍പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം നാല് കോടി കടന്നു.
Read also : പന്തലായനി വില്ലേജ് ഓഫീസിന് മുന്നിൽ സത്യഗ്രഹവുമായി വയോധികയും കുടുംബവും