വാഷിംഗ്‌ടൺ: വടക്കു കിഴക്കൻ യുഎസിന്റെ പല ഭാഗങ്ങളിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു. ബിഎ 2 വകഭേദമാണ് രാജ്യത്ത് കൂടുതൽ പേർക്കും സ്‌ഥിരീകരിക്കുന്നത്. പ്രതിദിന രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ ചികിൽസാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളും മെച്ചപ്പെടുത്താനുള്ള നീക്കങ്ങൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ശരാശരി 28,600 കോവിഡ് കേസുകളാണ് യുഎസിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്നത്. വ്യാപനം അതിതീവ്രമായിരുന്ന ജനുവരിയിലെ പ്രതിദിന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും രോഗവ്യാപനം ഉയരുന്നതിൽ ആശങ്കയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി. രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം തന്നെ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ശരാശരി 900 ആണ്.
രോഗബാധിതരുടെയും, രോഗം ബാധിച്ച് മരിക്കുന്നവരുടെയും എണ്ണം ഉയരുന്നതിനാൽ പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോവിഡ് സ്‌ഥിരീകരിക്കുന്നവരിൽ ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്.
Read also: സിൽവർ ലൈന് ഒരു ലക്ഷം കോടിക്ക് മുകളിൽ ചിലവ്; കേന്ദ്ര റെയിൽവേ മന്ത്രി