തിരുവല്ല: തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. യാത്രക്കിടെ കഴുത്തിൽ കയർ കുരുങ്ങിയ സെയ്‌ദ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഭാര്യയ്‌ക്കും രണ്ടുമക്കൾക്കുമൊപ്പം യാത്ര ചെയ്യവേയായിരുന്നു അപകടം. സെയ്‌ദ് സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരിച്ചു. ഭാര്യക്കും മക്കൾക്കും പരിക്കുണ്ട്. മരം മുറിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ തടയാനാണ് കയർ കെട്ടിയത്. യാത്രക്കിടെ കയർ ശ്രദ്ധയിൽപ്പെട്ടാത്തതാണ് അപകടത്തിന് കാരണമായത്.
ഇന്ന് രാവിലെയാണ് മുത്തൂർ സ്‌കൂളിനടുത്ത് കയർ കെട്ടിയതെന്ന് നാട്ടുകാർ പറയുന്നു. യാത്രക്കാരിൽ പലരും കയർ ഉയർത്തി മുന്നോട്ട് പോയി. വാഹനങ്ങൾ തടയാൻ ആരും ഉണ്ടായിരുന്നില്ല. റോഡിന് കുറുകെ കെട്ടിയ കയർ കാണാതെയാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. കയറിൽ പച്ചിലയാണ് ആദ്യം തൂക്കിയിട്ടിരുന്നത്. അപകടത്തിന് ശേഷം കയറിൽ ചുവന്ന റിബൺ കെട്ടി. ജോലി ഏറ്റെടുത്തവരുടെ അനാസ്‌ഥയാണ് അപകടം ഉണ്ടാക്കിയതെന്നും ആളെ നിർത്തി വാഹനം തടഞ്ഞിരുന്നുവെങ്കിൽ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ ആറുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കോൺട്രാക്‌ടർ, കയർ കെട്ടിയവർ എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനിൽ കൃഷ്‌ണൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചില്ല. മുന്നറിയിപ്പ് ബോർഡുകളോ കോണോ വെച്ചില്ലെന്നും സിഐ പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!