കൊച്ചി: മോഡലുകളുടെ മരണത്തിൽ അറസ്‌റ്റിലായ സൈജു എം തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു. അപകടത്തിന് കാരണമായ നിലയില്‍ വാഹനത്തെ പിന്തുടര്‍ന്നതാണ് മോഡലുകളുടെ മരണത്തിന് കാരണമെന്നും കമ്മീഷണർ പറഞ്ഞു.
സൈജുവിന്റെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ചൂഷണം ചെയ്‌ത ആരെങ്കിലും പരാതിയുമായി രംഗത്തു വന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്. സൈജു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏർപ്പെട്ടിരുന്ന വ്യക്‌തിയാണ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്‌റ്റേഷനില്‍ പുതിയൊരു കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സൈജുവിന് നിരവധി നിയമ വിരുദ്ധ ഇടപാടുകളുണ്ട്. അത് പരിശോധിച്ച് വരികയാണ്. ലഹരി ഇടപാടുകളിലും സൈജുവിന് പങ്കുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണ് എന്നും കമ്മീഷണര്‍ പ്രതികരിച്ചു.
ലഹരിമരുന്നു നല്‍കി യുവാക്കളെയും യുവതികളെയും കുറ്റകൃതൃങ്ങള്‍ക്കു പ്രേരണ നല്‍കുന്ന രീതിയാണ് സൈജു എം തങ്കച്ചന്‍ പ്രകടിപ്പിച്ചിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ബന്ധം പുലര്‍ത്തുന്നവരെ ലഹരി ഇടപാടുകള്‍, ലഹരി ഉപയോഗം എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയും പിന്നീട് ബ്ളാക്ക് മെയില്‍ ചെയ്‌തിട്ടുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ശ്രമം മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ പ്രതിരോധിച്ചതാണ് രാത്രിയില്‍ കാറില്‍ പിന്തുടരാനും അപകടം ഉണ്ടാവാനും ഇടയാക്കിയത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Most Read: എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കത്തിന് എതിരെ മല്ലികാർജുൻ ഖാർഗെ