ജറുസലേം: സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗിക യുദ്ധം പ്രഖ്യാപിച്ചു ഇസ്രയേൽ. സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നത്. ഇസ്രയേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ അറിയിച്ചു.
അതേസമയം, ശനിയാഴ്‌ച പുലർച്ചെ പൊട്ടിപ്പുറപ്പെട്ട അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ചവരുടെ എണ്ണം 600 കടന്നതായി റിപ്പോർട്. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേൽ മാദ്ധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട് ചെയ്യുന്നത്. എന്നാൽ, ഇസ്രയേൽ അധികൃതരുടെ ഭാഗത്ത് നിന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. ഡസൻ കണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഗാസയിൽ 300ലധികം പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ അധികൃതർ അറിയിച്ചു. വ്യോമാക്രമണത്തിൽ 313 പേർ കൊല്ലപ്പെട്ടതായും രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യ വകുപ്പ് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. ഗാസയ്ക്ക് സമീപമുള്ള ഇസ്രയേൽ പ്രദേശത്ത് ഇസ്രയേൽ സൈന്യവും ഹമാസ് സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
ഇസ്രയേൽ- പലസ്‌തീൻ യുദ്ധ സാഹചര്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നേരിട്ട് സ്‌ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയ്യാറെടുക്കാനുള്ള നിർദ്ദേശം വ്യോമ-നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ, സംഘർഷം രൂക്ഷമാണെങ്കിലും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാനായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
എന്നാൽ, അത്തരം നടപടി വേണ്ടിവരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സേനകൾ സജ്‌ജമായിരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളെയും തീർഥാടനത്തിനും വിനോദയാത്രക്കും പോയവരെയും തിരികെ എത്തിക്കണമെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്. പ്രധാനമന്ത്രി തന്നെ ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി അറിയിച്ചു.
അതിനിടെ, ഇസ്രയേലികളെ തടവിലാക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന അതിദാരുണമായ വീഡിയോകൾ പുറത്തുവരുന്നുണ്ട്. ഹമാസ് ഒരു ഇസ്രയേലി കുടുംബത്തെ തടവിലാക്കിയതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. അഞ്ചംഗ കുടുംബത്തിലെ ഇളയകുട്ടി കൊല്ലപ്പെട്ടതായും സൂചനയുണ്ട്. ‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വേദന നിറഞ്ഞ വീഡിയോ’ എന്ന കുറിപ്പോടെയാണ് ഇസ്രയേലി ഫെമിനിസ്‌റ്റ് എമിലി ഷ്രോഡർ വീഡിയോ പങ്കുവെച്ചത്.
ഇസ്രയേലിൽ നിന്ന് സ്‌ത്രീകളേയും കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തെക്കൻ ഇസ്രയേലിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ 26-കാരിയെ ഹമാസ് സംഘം തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇവരെ മോട്ടോർ സൈക്കിളിന്റെ പിറകിൽ പിടിച്ചിരുത്തുന്നതും ജീവനുവേണ്ടി കേഴുന്നതുമായ ദാരുണ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
2021ൽ 11 ദിവസം നീണ്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഗുരുതരമായ സംഘർഷാവസ്‌ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഓപ്പറേഷൻ അൽ അഖ്‌സ ഫ്‌ളഡ് എന്നാണ് ആക്രമണത്തെ ഹമാസ് വിശേഷിപ്പിച്ചത്. അതീവസുരക്ഷയുള്ള ഗാസ- ഇസ്രയേൽ അതിർത്തിവേലി ലംഘിച്ചു സായുധരായ ഹമാസ് സംഘം തെക്കൻ ഇസ്രയേൽ പട്ടണങ്ങളിലേക്ക് നുഴഞ്ഞുകയറിയതോടെയാണ് രാവിലെ 6.30ന് (ഇന്ത്യൻ സമയം രാവിലെ ഒമ്പത്) ഗാസയിൽ നിന്നും കനത്ത റോക്കറ്റ് ആക്രമണം ആരംഭിച്ചത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!