ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പാർലമെന്റ് മാർച്ച് നാളെ ആരംഭിക്കാനിരിക്കെ രാജ്യ തലസ്‌ഥാനത്ത് കർശന സുരക്ഷ ഒരുക്കി പോലീസ്. ഡെൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും, പാർലമെന്റിന് അടുത്തുള്ള മേഖലകളിലുമാണ് പോലീസ് സുരക്ഷ ശക്‌തമാക്കിയത്. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായത് പോലെയുള്ള സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലിലാണ് പോലീസ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
പ്രതിഷേധ മാർച്ചിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സംയുക്‌ത കിസാൻ മോർച്ചയും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സമരത്തിൽ പങ്കെടുക്കുന്ന ആളുകൾക്ക് നിർദ്ദേശം നൽകുന്നതിനായി ഇന്ന് രാത്രി സിംഘുവിൽ യോഗം വിളിച്ചു. നാളെ മുതൽ പാർലമെന്റ് സമ്മേളനം അവസാനിക്കുന്നത് വരെയാണ് ജന്തർ മന്തറിൽ കർഷക സംഘടനകൾ സമരം നടത്തുക. തുടർന്ന് എല്ലാ ദിവസവും ഇവിടെ നിന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ചെയ്യും.
സമരം കണക്കിലെടുത്ത് അതീവ സുരക്ഷ ഒരുക്കിയ ഡെൽഹി പോലീസ് കലാപ വിരുദ്ധസേനക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. കൂടാതെ സംഘർഷ സാഹചര്യം ഒഴിവാക്കുന്നതിനായി കർഷക സംഘടനകളും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. ഇതിനായി പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ പട്ടിക തയ്യാറാക്കി. 200 കർഷകരും, 5 കർഷക സംഘടനാ നേതാക്കളുമായിരിക്കും പ്രതിദിനം സമരത്തിൽ പങ്കെടുക്കുക.
മുൻകൂട്ടി നിശ്‌ചയിച്ച ആളുകൾ മാത്രമായിരിക്കും സമരത്തിൽ പങ്കെടുക്കുന്നത്. ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉൾപ്പടെ പോലീസിന് കൈമാറും. പാർലമെന്റിലേക്ക് കർഷകർ നടത്തുന്ന മാർച്ചിൽ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനും, സംഘർഷ സാധ്യത ഒഴിവാക്കുന്നതിനുമാണ് ഇത്തരത്തിൽ കർശന ജാഗ്രതാ നടപടികൾ പോലീസും, കർഷക സംഘടനകളും സ്വീകരിക്കുന്നത്.
Read also : പെഗാസസ്; ഉന്നത ഉദ്യോഗസ്‌ഥരെ പാർലമെന്ററി ഐടി സമിതി വിളിച്ചു വരുത്തും