അലഹബാദ്: അയോധ്യയിൽ മസ്‌ജിദ് പണിയാൻ അനുവദിച്ച ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് ഡെൽഹി സ്വദേശികളായ സഹോദരിമാർ. സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മസ്‌ജിദ് പണിയുന്നതിനായി ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയുടെ ഉടമസ്‌ഥാവകാശം ഉന്നയിച്ച് രണ്ട് സഹോദരിമാരും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
റാണി കപൂർ എന്ന റാണി ബലൂജ, രാമ റാണി പഞ്ചാബി എന്നിവരാണ് ഹരജി നൽകിയിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ച ഹരജി ഫെബ്രുവരി എട്ടിന് വാദം കേൾക്കും.
തങ്ങളുടെ പിതാവ് ഗ്യാൻ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറിൽപെട്ട സ്‌ഥലമാണ് വഖഫ് ബോർഡിനു കൈമാറിയതെന്ന് ഹരജിയിൽ പറയുന്നു. പിതാവ് 1947ൽ പഞ്ചാബിൽ നിന്ന് വിഭജന സമയത്ത് ഇന്ത്യയിലെത്തി ഫൈസാബാദ് (ഇപ്പോഴത്തെ അയോധ്യ) ജില്ലയിൽ താമസമാക്കുകയായിരുന്നു.
പിതാവിന് ധന്നിപൂർ ഗ്രാമത്തിൽ 28 ഏക്കർ ഭൂമി അഞ്ച് വർഷത്തേക്ക് പതിച്ചു കിട്ടിയതായി അവർ അവകാശപ്പെട്ടു. അതിനു ശേഷവും ഭൂമി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളിൽ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, പിന്നീട് രേഖകളിൽ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്യപ്പെട്ടു. ഇതിനെതിരെ നൽകിയ അപ്പീലിനെ തുടർന്ന് വീണ്ടും രേഖകളിൽ പിതാവിന്റെ പേര് ചേർത്തു. എന്നാൽ, കൺസോളിഡേഷൻ ഓഫീസർ വീണ്ടും പേരു നീക്കം ചെയ്യുകയായിരുന്നു.
ഇതിനെതിരായ അപ്പീൽ സെറ്റിൽമന്റ് ഓഫീസറുടെ പരിഗണനയിലിരിക്കെ ആണ് ഭൂമി വഖഫ് ബോർഡിനു മസ്‌ജിദ് നിർമാണത്തിനായി നൽകിയത്. അപ്പീലിൽ തീരുമാനം ആകുന്നതു വരെ ഭൂമി വഖഫ് ബോർഡിനു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
രാമ ജൻമഭൂമി- ബാബരി മസ്‌ജിദ് തർക്ക കേസിൽ 2019 നവംബർ 9ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരമാണ് ധന്നിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്‌ഥലം മസ്‌ജിദ് നിർമാണത്തിനായി സംസ്‌ഥാന സർക്കാർ സുന്നി വഖഫ് ബോർഡിന് അനുവദിച്ചത്.
കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ മസ്‌ജിദിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങിയിരുന്നു. ദേശീയ പതാക ഉയർത്തിയാണ് മസ്‌ജിദ് നിർമാണത്തിന് തുടക്കമിട്ടത്.