80കളുടെ മധ്യത്തിൽ കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ, പോലീസ് നാരനായാട്ടിന്റെ കഥ പറയുന്ന ഇടുക്കിയിലെ തങ്കമണി (Thankamani) സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ പേരും ‘തങ്കമണി’ എന്ന് തന്നെയാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദയാണ്.
1986 ഒക്‌ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവീസുമായി ബന്ധപ്പെട്ട് നടന്ന തർക്കങ്ങളും തുടർന്ന് ഉണ്ടായ പോലീസ് വെടിവെപ്പും ലാത്തിച്ചാർജും അടങ്ങിയ സംഭവങ്ങളാണ് തങ്കമണി എന്ന ചിത്രത്തിന്റെ പ്രമേയം. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം, സിഎംഎസ് കോളേജ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
‘ഉടൽ’ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി. നീത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ, മലയാളത്തിലെയും തമിഴിലെയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. അജ്‌മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേശ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഇവർക്ക് പുറമെ, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്‌ത, ശിവകാമി, അംബിക മോഹൻ, സ്‌മിനു, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും അമ്പതിലധികം ക്യാരക്‌ടർ ആർട്ടിസ്‌റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്‌റ്റുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്‌ക്കടുത്ത് രണ്ടര ഏക്കർ സ്‌ഥലത്ത് ആർട്ട് ഡയറക്‌ടർ മനു ജഗത് വൻ സെറ്റ് തന്നെ ഒരുക്കിയിരുന്നു.
തെന്നിന്ത്യയിലെ പ്രഗൽഭരായ ഫൈറ്റ് മാസ്‌റ്റർമാരായ രാജശേഖരൻ, സ്‌റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളാണ് സിനിമയിലേതെന്നതും പ്രത്യേകതയാണ്. മനോജ് പിള്ളയാണ് ചായാഗ്രഹണം. ശ്യാം ശശിധരൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ബിടി അനിൽ കുമാർ രചിച്ച ഗാനങ്ങൾക്ക് വില്യം ഫ്രാൻസിസ് സംഗീതം പകർന്നിരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രോജക്‌ട് ഡിസൈനർ: സജിത് കൃഷ്‌ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ അമൃത.
സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്‌റ്റ്യൂം: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: മനോജ് ബാലകൃഷ്‌ണൻ, കളറിസ്‌റ്റ്: ലിജു പ്രഭാകർ എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ. ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്, സ്‌നേക്ക്‌പ്ളാന്റ് എന്നിവർ ചേർന്ന് ചിത്രം തിയ്യേറ്ററുകളിൽ എത്തിക്കും. 1987ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘ഇതാ സമയമായി’ എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്‌പദമാക്കി തയ്യാറാക്കിയതാണ്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!