കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതുവരെ ദിലീപിനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുന്നതിന് വിലക്കുണ്ടാകും.
പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അനുവദിച്ച ശേഷം കേസ് കോടതി ഇന്നാണ് പരിഗണിക്കാനിരുന്നത്. എന്നാൽ, പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ചില തെളിവുകൾ പരിശോധിക്കേണ്ടതുണ്ട് എന്നതടക്കം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അന്വേഷണ പുരോഗതി റിപ്പോർട് മുദ്രവെച്ച കവറിൽ കൈമാറാമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെയായിരുന്നു അന്വേഷണ സംഘം ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്തത്. വ്യാഴാഴ്ച വരെ അറസ്റ്റിനും വിലക്കുണ്ടായിരുന്നു. അവസാന ദിവസമായ ചൊവ്വാഴ്ച വീഡിയോ തെളിവുകളടക്കം ഉപയോഗിച്ചുള്ള ചോദ്യം ചെയ്യലാണ് നടന്നത്. രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തതിലൂടെ ലഭിച്ച മൊഴിയിലെ പൊരുത്തക്കേടുകൾ ചേർത്തുള്ള ചോദ്യങ്ങളും ചോദിച്ചു.
മൂന്നാം ദിവസവും കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ദിലീപ്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലെ കാര്യങ്ങൾ ദിലീപ് ആവർത്തിച്ചു. പല തെളിവുകളും അന്വേഷണ സംഘം ദിലീപിന് മുന്നിൽ നിരത്തിയെങ്കിലും ഇതെല്ലാം സംവിധായകൻ ബാലചന്ദ്ര കുമാർ കെട്ടിച്ചമച്ചതാണെന്നാണ് ദിലീപ് പറഞ്ഞത്.
Also Read: കൊടുമണ്ണൂരിലെ സംഘർഷം; പോലീസിനെതിരെ സിപിഐ, പരാതി