വാഷിങ്ടൻ: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി സംസാരിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുക്രൈനിലെ യുദ്ധം കൂടുതൽ വഷളാക്കരുതെന്ന് ട്രംപ് പുട്ടിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഫ്‌ളോറിഡയിൽ നിന്ന് ഫോണിലൂടെയാണ് ട്രംപ് ഇക്കാര്യം പുട്ടിനോട് ആവശ്യപ്പെട്ടത്.
വ്യാഴാഴ്‌ചയായിരുന്നു ഇരുവരുടെയും സംഭാഷണം. യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യത്തെ കുറിച്ച് പുട്ടിനെ ട്രംപ് ഓർമിപ്പിച്ചതായും യുക്രൈനിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കൂടുതൽ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
പുട്ടിനുമായുള്ള ഫോൺ സംഭാഷണത്തിൽ, സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഊന്നിപ്പറയുകയും വിഷയത്തിൽ റഷ്യയുമായി ഭാവി ചർച്ചകളിൽ ഏർപ്പെടാനുള്ള സന്നദ്ധത സൂചിപ്പിക്കുകയും ചെയ്‌തു. യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായി ബുധനാഴ്‌ച നടത്തിയ ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണ് പുട്ടിനുമായുള്ള സംഭാഷണം.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ഒരുങ്ങുകയാണ് എന്നുൾപ്പടെ വാർത്തകളും പുറത്തുവന്നിരുന്നു. യുക്രൈനിലെ യുദ്ധം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഭാവി ചർച്ചകളിൽ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതോടെ യൂറോപ്പിൽ സമാധാനം ഉറപ്പാക്കുന്നതിൽ ഊന്നൽ നൽകുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഉൾപ്പടെ 70ഓളം ലോക നേതാക്കളെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിനിടെ, യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഇന്ത്യക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്‌തമാക്കി.
മുംബൈയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുപല രാജ്യങ്ങളിൽ നിന്നും വ്യത്യസ്‌തമായാണ് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നത്. ഇന്ന് ഒരുപാട് രാജ്യങ്ങൾ യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാം. നമുക്ക് അതിനെ കുറിച്ച് സത്യസന്ധമായി പറയാം, ഞങ്ങൾ അവരിൽ ഒരാളല്ലെന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
”പ്രസിഡണ്ടായ ശേഷം ട്രംപ് വിളിച്ച ആദ്യത്തെ മൂന്ന് ഫോൺ കോളുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉൾപ്പെടുന്നു. മോദി യഥാർഥത്തിൽ ഒന്നിലധികം യുഎസ് പ്രസിഡണ്ടുമാരുമായി ബന്ധം സ്‌ഥാപിച്ചിട്ടുണ്ട്. മോദി ആദ്യമായി യുഎസിൽ എത്തിയപ്പോൾ ബറാക് ഒബാമ പ്രസിഡണ്ടായിരുന്നു. അത് പിന്നീട് ട്രംപായി. പിന്നെ അത് ബൈഡനായിരുന്നു. പ്രധാനമന്ത്രി ഈ ബന്ധം കെട്ടിപ്പടിക്കുന്നതിൽ സ്വാഭാവികമായ ചില കാര്യങ്ങളുണ്ട്. അത് രാജ്യത്തെ വളരെയധികം സഹായിച്ചിട്ടുമുണ്ട്”- ജയശങ്കർ പറഞ്ഞു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും