കോഴിക്കോട്: ജില്ലയിലെ താമരശേരി അമ്പലമുക്കിൽ പോലീസുകാരെ ലഹരിസംഘം ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. താമരശേരി കിടുക്കിലുമ്മാരം കയ്യേലിക്കുന്നുമ്മൽ കെകെ ദിപീഷ് (30), താമരശേരി തച്ചംപൊയിൽ ഇരട്ടക്കുളങ്ങര വീട്ടിൽ റജീന(40) എന്നിവരാണ് പിടിയിലായത്. പോലീസുകാരെ ആക്രമിച്ച ശേഷം ഇരുവരും ദിപീഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം അമ്പലമുക്ക് കരിമുണ്ടിയിൽ മൻസൂറിന്റെ വീടിന് നേരെ നടന്ന അക്രമം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് ലഹരിസംഘം ആക്രമിച്ചത്. പോലീസിന് നേരെ കല്ലെറിഞ്ഞും നായ്‌ക്കളെ അഴിച്ചു വിട്ടുമായിരുന്നു ആക്രമണം. സ്വന്തം വീട്ടിൽ സിസിടിവി ക്യാമറ സ്‌ഥാപിച്ചതിന്റെ പേരിലാണ് പ്രവാസി യുവാവായ മൻസൂറിന്റെ വീടിന് നേരെ ലഹരി സംഘം ആക്രമണം നടത്തിയത്.
ഇത് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെയാണ് സംഘം അഴിഞ്ഞാടിയത്. ഈ സംഘം മാരകായുധങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നും വീടിന് സുരക്ഷക്കായി റോട്ട്‌വീലർ നായകളെ വളർത്തുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം. അപരിചിതർ സ്‌ഥിരമായി എത്താൻ തുടങ്ങിയതോടെയാണ് മൻസൂർ സിസിടിവി ക്യാമറ സ്‌ഥാപിച്ചത്. എന്നാൽ, തെളിവ് കിട്ടാതിരിക്കാൻ ലഹരി മാഫിയാ സംഘം ക്യാമറ സ്‌ഥാപിച്ച മൻസൂറിന്റെ വീട് എറിഞ്ഞു തകർക്കുകയായിരുന്നു. നാട്ടുകാരനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു.
രാത്രി കൂടുതൽ പോലീസ് എത്തിയതോടെയാണ് അക്രമി സംഘം പിരിഞ്ഞു പോയത്. ഇതിനിടെ പോലീസ് വാഹനം തകർക്കുകയും ചെയ്‌തിരുന്നു. 15ഓളം ആളുകളാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. എറണാകുളം സ്വദേശി സക്കീർ, അമ്പലമുക്ക് സ്വദേശി വിഷ്‌ണു എന്നിവരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
Most Read| ‘ഇന്ത്യ’ എന്ന പദത്തോട് എന്തിനാണ് ഇത്ര ഭയം? രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി