എറണാകുളം : കൊച്ചി നഗരത്തിൽ വൻ എൽഎസ്‌ഡി സ്‌റ്റാംപ് വേട്ട. സംഭവത്തെ തുടർന്ന് നാല് പേരെ കൊച്ചി സിറ്റി പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡാർക് നെറ്റ് വഴി ബിറ്റ് കോയിൻ ഉപയോഗിച്ച് ഓർഡർ ചെയ്‌ത് യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചതാണ് ഈ എൽഎസ്‌ഡി ശേഖരമെന്നാണ് പോലീസ് വിലയിരുത്തുന്നത്. 721 എൽഎസ്‍ഡി ലഹരി മരുന്നു സ്‌റ്റാംപുകളാണ് പോലീസ് പിടികൂടിയത്. ഒപ്പം തന്നെ ലഹരിസംഘം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഹഷീഷും കഞ്ചാവും എട്ടുലക്ഷം രൂപയും പിടികൂടി.
സംഭവത്തെ തുടർന്ന് വടുതല പച്ചാളം കോൽപുറത്ത് വീട്ടിൽ നെവിൻ അഗസ്‌റ്റിൻ (28), അയ്യപ്പൻകാവ് സ്വദേശി ഇലഞ്ഞിക്കൽ ലെവിൻ ലോറൻസ്(28), പച്ചാളം കൊമരോത്ത് കെജെ അമൽ(22), അയ്യപ്പൻകാവ് പയ്യപ്പിള്ളി വീട്ടിൽ അക്ഷയ്(22) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്‌ഥാനത്തേക്ക് ലഹരിമരുന്ന് കടത്ത് വർധിച്ച സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നു സ്‌റ്റാംപുകൾ പിടികൂടിയത്.
ഏകദേശം 11 ലക്ഷം രൂപ വിലവരുന്ന എൽഎസ്‌ഡി സ്‌റ്റാംപുകളാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം നടത്തിയ പതിവു പരിശോധനയിൽ പിടിയിലായ രണ്ടു പേരിൽനിന്നാണു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌ത് മൊത്തവിൽപന നടത്തിയിരുന്ന നെവിനെയും ലെവിനെയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു കിട്ടുന്നത്. തുടർന്ന് ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന അളവിൽ ലഹരി വസ്‌തുക്കളും മറ്റും കണ്ടെത്തുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം ലഹരിക്കേസുകൾ വർധിച്ചതിനെ തുടർന്നു കൊച്ചി പോലീസ് സിറ്റി കമ്മിഷണർ സിഎച്ച് നാഗരാജുവിന്റെയും ഡിസിപി ഐശ്വര്യയുടെയും നിർദേശപ്രകാരമാണു നാർകോട്ടിക് സെൽ പരിശോധന ശക്‌തമാക്കിയത്.
നഗരത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം വ്യാപകമായെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിലെ ലഹരി വിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണം ശക്‌തമാക്കി. ഇതിനായി കൊച്ചി നാർകോട്ടിക് പോലീസിൽ ലഭ്യമായിട്ടുള്ള നായയുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. നായയെ ഉപയോഗിച്ചാണു മാളുകളിലും റെയിൽവേ, ബസ് സ്‌റ്റേഷനുകളിലും പരിശോധന നടത്തുന്നത്.
Read also : കടകംപള്ളിക്ക് നൽകിയ അവസരം ജനങ്ങൾ തിരിച്ചെടുക്കും; കഴക്കൂട്ടത്ത് അങ്കം കുറിച്ച് ശോഭ