തിരുവനന്തപുരം: കഴക്കൂട്ടത്ത് പ്രചാരണം തുടങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മൽസരിക്കേണ്ടി വന്നത് ഈശ്വര നിശ്‌ചയമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് ശോഭ പറഞ്ഞു. വിശ്വാസി സമൂഹത്തോട് തെറ്റ് ചെയ്‌തു എന്ന് ഉറപ്പുണ്ടായിട്ടും തുറന്ന് പറയാനുള്ള ആർജവം പോലും കാണിക്കാതെ ജനങ്ങൾക്കിടയിൽ വോട്ട് ചോദിക്കുകയാണ് കടകംപള്ളിയെന്ന് ശോഭ വിമർശിച്ചു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചത് കടകംപള്ളിയാണ്. അദ്ദേഹത്തിന് നൽകിയ അവസരം കഴക്കൂട്ടത്തെ ജനാധിപത്യ വിശ്വാസികൾ തന്നെ തിരിച്ചെടുക്കുമെന്നും ശോഭ പറഞ്ഞു. ശബരിമല വിഷയത്തിൽ സീതാറാം യെച്ചൂരിക്ക് മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും അവർ വെല്ലുവിളിച്ചു.
കാര്യവട്ടം കവലയിൽ പുഷ്‌പവൃഷ്‌ടിയോടും വാദ്യമേളങ്ങളോട് കൂടിയുമാണ് ശോഭാ സുരേന്ദ്രനെ അണികൾ സ്വീകരിച്ചത്. തുടർന്ന് കാര്യവട്ടം ശ്രീധർമശാസ്‌താ ക്ഷേത്രത്തിൽ പൂർണ കുംഭം നൽകി വരവേറ്റു. തുറന്ന വാഹനത്തിൽ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ശോഭാ സുരേന്ദ്രൻ പ്രചാരണം ആരംഭിച്ചത്.
Also Read: ഇടതുപക്ഷത്തിന് ജയിക്കാൻ വർഗീയ ശക്‌തികളുടെ പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി