ഇ- റുപ്പി; പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവുമായി കേന്ദ്രസർക്കാർ

By News Desk, Malabar News
E- Rupee Digital Payment System
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമായ ‘ഇ- റുപ്പി’ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ അവതരിപ്പിച്ചു. സർക്കാരിന്റെ ക്ഷേമപദ്ധതികൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംവിധാനം. വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും ഇത് സഹായകമാകുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.

നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഇ- റുപ്പി വികസിപ്പിച്ചത്. ക്യൂആർ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ- വൗച്ചർ എന്നിവ അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന കറൻസി രഹിത സംവിധാനമാണ് ഇ- റുപ്പി. ഗുണഭോക്‌താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്ന ഇ- വൗച്ചർ ഉപയോഗിച്ച് വിവിധ സേവനങ്ങൾ നേടാം.

തുടക്കത്തിൽ ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്‌താക്കൾക്കാവും ഇതിന്റെ ഗുണം ലഭിക്കുക. ‘ഉദാഹരണത്തിന് സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നൂറുപേർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് ഇ- റുപ്പി ഉപയോഗപ്പെടുത്താം. അവർക്ക് ഇ- റുപ്പി വൗച്ചർ 100 പേർക്ക് നൽകാവുന്നതാണ്. ഇതിനായി ചെലവഴിക്കുന്ന തുക കോവിഡ് വാക്‌സിനേഷന് മാത്രമായി ഉപയോഗിക്കപ്പെടും’- പ്രധാനമന്ത്രി വ്യക്‌തമാക്കി.

വൈകാതെ കൂടുതൽ സേവനങ്ങൾ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തും. ചികിൽസാ സഹായം, സൗജന്യ ഭക്ഷണ വിതരണം തുടങ്ങിയവക്കും ഇ- റുപ്പി ഉപയോഗിക്കാം. മാതൃശിശു സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് മരുന്നുകളും പോഷകാഹാരങ്ങളും വിതരണം ചെയ്യാൻ ഈ സംവിധാനം ഉപയോഗിക്കുമെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അവകാശപ്പെട്ടു. ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുന്ന ക്ഷയരോഗ നിവാരണം, മരുന്ന് വിതരണം തുടങ്ങിയവക്കും വളം, സബ്‍സിഡി വിതരണം അടക്കമുള്ളവക്കും ഇത് ഉപയോഗിക്കാനാകും.

സ്വകാര്യമേഖലക്കും അവരുടെ ജീവനക്കാരുടെ ക്ഷേമത്തിനും സാമൂഹ്യ പ്രതിബന്ധത തെളിയിക്കാനും ഇ- റുപ്പി ഡിജിറ്റൽ വൗച്ചറുകൾ ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ ഇന്ത്യക്ക് പുതിയ മുഖമാണ് ഇ- റുപ്പിയിലൂടെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 11 പൊതു- സ്വകാര്യ മേഖലാ ബാങ്കുകൾ ഇ- റുപ്പിയെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്‌ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, പഞ്ചാബ് നാഷണൽ, ആക്‌സിസ്‌, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ ഇ- റുപ്പി കൂപ്പണുകൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.

കാനറാ ബാങ്ക്, ഇൻഡസ് ലാൻഡ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ തൽകാലം ഇ- റുപ്പി കൂപ്പണുകൾ വിതരണം ചെയ്യുക മാത്രമാകും ചെയ്യുക. കോർപറേറ്റ് സ്‌ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഇ- റുപ്പിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ബാങ്കുകളെ സമീപിക്കാം. ഗുണഭോക്‌താക്കളെ മൊബൈൽ നമ്പർ ഉപയോഗിച്ചാകും തിരിച്ചറിയുക.

Also Read: കടത്തുതോണിക്കും രജിസ്‌ട്രേഷൻ; ഉൾനാടൻ ജലവാഹന ബിൽ ചർച്ചയില്ലാതെ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE