തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തത് സരിത എസ് നായരെന്ന് കൂട്ടുപ്രതി രതീഷ്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയതും സരിതയാണെന്ന് കേസിലെ ഒന്നാം പ്രതിയായ രതീഷിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു.
സിപിഐയുടെ പഞ്ചായത്ത് അംഗം കൂടിയാണ് രതീഷ്. സരിത മൂന്ന് ലക്ഷം തിരികെ നൽകിയതിന്റെ രേഖയായി ചെക്കും ഇയാൾ കോടതിയിൽ ഹാജരാക്കി.
നേരത്തെ സരിതയുടേതായ ശബ്‌ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ, ശബ്‌ദരേഖ തന്റേതല്ലെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നുമാണ് സരിത മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സരിതയുടെ വാദങ്ങൾ പൂർണമായി തള്ളുകയാണ് രതീഷ് ജാമ്യാപേക്ഷക്കൊപ്പം നൽകിയ തെളിവുകൾ.
സരിതക്കും രതീഷിനും പുറമേ മറ്റൊരു പൊതുപ്രവർത്തകനായ ഷൈജു പാലിയോടിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഷൈജുവും സരിതയും തമ്മിൽ നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് തൊഴിൽ തട്ടിപ്പ് ആസൂത്രണം ചെയ്‌തത് എന്നാണ് വിവരം.
നെയ്യാറ്റിൻകര സ്വദേശികളായ യുവാക്കളെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അതിനിടെ ഒട്ടേറെ വകുപ്പുകളിൽ സരിത വഴി പിൻവാതിൽ നിയമനം നടന്നിട്ടുണ്ടെന്ന വിവരം പുറത്തുവരുന്നുണ്ട്. ആരോഗ്യകേരളം, കേരളം ബാങ്ക്, സിഡിറ്റ്, കെൽട്രോൺ, കെഎംസിഎൽ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് പിന്നിൽ സരിതക്ക് പങ്കുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: മുന്നോക്ക സംവരണം നടപ്പാക്കിയ രീതി തെറ്റ്; എൻഎസ്എസ് കോടതിയിൽ