എറണാകുളം: സംസ്‌ഥാനത്തെ റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഉദ്യോഗസ്‌ഥർക്കെതിരെ വിമർശനവുമായി ഹൈക്കോടതി. റോഡുകൾ പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജി വച്ച് പുറത്തു പോകണമെന്നും, കഴിവുകളുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്‌ഥരെ പ്രതി ചേർക്കുമെന്നും ഹൈക്കോടതി അറിയിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്‌ഥ സംബന്ധിച്ച കേസിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്. കൂടാതെ സംസ്‌ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകള്‍ മാസങ്ങള്‍ക്കകം പഴയ പടിയായതും കോടതി നിരീക്ഷിച്ചു. കൊച്ചിയിലെ റോഡുകളിലുള്ള അനധികൃത കേബിളുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി