ജയ്‌പൂർ: പാകിസ്‌ഥാന് വേണ്ടി വിവരങ്ങൾ ചോർത്തി നൽകിയ കുറ്റത്തിന് രാജസ്‌ഥാനിലെ നിവാരു മിലിട്ടറി എൻജിനീയറിങ് സർവീസിലെ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു. രാംനിവാസ് ഗൗരയാണ് (28) അറസ്‌റ്റിലായത്. പാകിസ്‌ഥാൻ ഇന്റലിജൻസ് ഏജൻസിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന ഗുരുതര കുറ്റമാണ് ഗൗരക്കെതിരെ ആരോപിച്ചിരിക്കുന്നത്.
പാകിസ്‌ഥാൻ ഇന്റലിജൻസ് ഓപ്പറേറ്ററുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും വാട്‍സ്ആപ്പ് വഴിയും ഗൗര ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആർമി അറിയിച്ചു. രണ്ട് വർഷത്തോളമായി തുടരുന്ന ബന്ധത്തിനിടയിൽ നിവാരുവിലെയും ജയ്‌പൂരിലെയും യൂണിറ്റുകളുടെ നിരവധി വിവരങ്ങൾ ഇയാൾ ചോർത്തിയെന്നും ആർമി വൃത്തങ്ങൾ അറിയിച്ചു.
ആർമി ഉദ്യോഗസ്‌ഥർ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ഗൗരയെ ചോദ്യം ചെയ്യുകയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നെന്ന് എഡിജി ഉമേഷ് മിശ്ര പറഞ്ഞു. ചോദ്യം ചെയ്യലിൽ ഗൗര കുറ്റം സമ്മതിച്ചുവെന്നാണ് സൂചന. പാകിസ്‌ഥാൻ ഇന്റലിജൻസ് ഏജൻസി ഇന്ത്യൻ വാട്‍സ്ആപ്പ് നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് ആർമി അറിയിച്ചു.
പാക് ചാര സംഘടനായ ഐഎസ്‌ഐക്ക് ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ രഹസ്യ വിവരങ്ങള്‍ കൈമാറിയ ഹിന്ദുസ്‌ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്എഎല്‍) ഉദ്യോഗസ്‌ഥനെ ഒക്‌ടോബറിൽ അറസ്‌റ്റ് ചെയ്‌തിരുന്നു. 41കാരനായ ദീപക് ഷിര്‍സാത്തിനെ മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എടിഎസ്) ആണ് അറസ്‌റ്റ് ചെയ്‌തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പിന്നീട് ലഭ്യമായിട്ടില്ല.
Read also: ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം; യുപിക്ക് പുറകെ ഹരിയാനയും