ന്യൂഡെൽഹി: ലൗ ജിഹാദിനെതിരെ നിയമ നിർമ്മാണത്തിനൊരുങ്ങി ഹരിയാനയും. ലൗ ജിഹാദ് തടയാൻ കർശന നിയമം കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്‌താവനക്ക് പുറകെയാണ് ഹരിയാനയും സമാനമായ നിയമം ആലോചിക്കുന്നത്. ഇതു സംബന്ധിച്ച നിയമം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനകൾ നടക്കുന്നതായി മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ പറഞ്ഞു. ലൗ ജിഹാദിനെതിരെയുള്ള നിയമനിർമ്മാണം പരിഗണയിലുണ്ടെന്ന് ആഭ്യന്തരമന്ത്രി അനിൽ വിജും അറിയിച്ചു.
ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം പരിഗണനയിൽ ഉണ്ടെന്നും എന്നാൽ അതിന്റെ പേരിൽ നിരപരാധിയായ ഒരാൾ പോലും ശിക്ഷിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. നിയമനിർമ്മാണം നടത്തുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് വേണ്ടിയുള്ള നിർബന്ധിത മതപരിവർത്തനം അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിനെ സ്വാഗതം ചെയ്‌താണ് നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞത്.
കഴിഞ്ഞ ദിവസം കോളേജ് വിദ്യാർഥിനിയായ നിഖിത വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ, യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.
Read also: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കും; പ്രഖ്യാപനവുമായി തേജസ്വി യാദവ്