കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പൊതുവഴിയിൽ നിന്നും കണ്ടുകിട്ടിയ സംഭവത്തിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി പരീക്ഷാ കൺട്രോളർ പിജെ വിൻസെന്റ്. കൂടാതെ സംഭവത്തിൽ അന്വേഷണം നടത്താൻ വിസി എ സാബു അധ്യക്ഷനായ സമിതിക്ക് ചുമതല നൽകി. ഉത്തരക്കടലാസുകൾ വഴിയരികിൽ നഷ്‌ടപ്പെട്ടതിൽ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും വീഴ്‌ച ഉണ്ടായിട്ടില്ലെന്നും, കുറ്റക്കാരനായ അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്നും മാറ്റി നിർത്തുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു.
വീട്ടിൽ നിന്ന് മൂല്യനിർണയം നടത്തുന്നതിനായി മയ്യിൽ ഐടിഎം കോളേജ് അസിസ്‌റ്റന്റ് പ്രൊഫസർ എംസി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. മൂല്യനിർണയം നടത്തിയ ശേഷം ഉത്തരക്കടലാസുകളുമായി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അധ്യാപകന്റെ കയ്യിൽ നിന്നും നഷ്‌ടപ്പെടുകയായിരുന്നു. ഉത്തരക്കടലാസുകൾ നഷ്‌ടപ്പെട്ടതായി അറിഞ്ഞ ഉടൻ തന്നെ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നെന്നും അധ്യാപകൻ വ്യക്‌തമാക്കി.
ഇന്ന് രാവിലെയോടെയാണ് മലപ്പട്ടം ചൂളിയാട്ട് റോഡരികിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. കണ്ണൂർ സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആയിരുന്നു അത്. കഴിഞ്ഞ ഡിസംബർ 23ആം തീയതി നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തിയെങ്കിലും ഫലം ഇതുവരെ പുറത്തു വന്നിരുന്നില്ല. തുടർന്ന് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി സർവകലാശാലയിലെത്തി. പിന്നാലെ പരീക്ഷാ ബോർഡ് അടിയന്തിര യോഗം ചേർന്നു. സംഭവം അന്വേഷിക്കാനും മൂല്യനിർണയം നടത്തിയ അധ്യാപകനോട് വിശദീകരണം തേടാനും തീരുമാനിച്ചു.
Read also : കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി