തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. മാദ്ധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്‌ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
സംസ്‌ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. നിയമവിധേയമായി പ്രവർത്തിക്കുന്ന ഏതൊരു സ്‌ഥാപനത്തിനും കെഎസ്ആർടിസി ഡിപ്പോകളിൽ കടമുറികൾ വാടകയ്‌ക്ക് നൽകുമെന്നും, ഇതിന് നിയമ തടസങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നിരവധി വിവാദങ്ങളും ചർച്ചകളും നടന്നിരുന്നു.
Also Read: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യയുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെന്‍ഷന്‍