തിരുവനന്തപുരം: കേസിൽ പ്രതീക്ഷിച്ച വിധിയെന്ന് വിസ്‌മയയുടെ അച്ഛന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷയെന്നും കോടതിയിൽ നിന്ന് വിധി കേട്ട ശേഷം അച്ഛൻ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്, ഒരു കുട്ടിക്കും വിസ്‌മയയുടെ ഗതി വരരുതെന്ന് അമ്മ പറഞ്ഞു. വീട്ടിലിരുന്നാണ് അമ്മ വിധി കേട്ടത്.
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശിക്ഷ നാളെ പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. മുന്‍ അസിസ്‌റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‌പെക്‌ടർ കൂടിയാണ് കിരണ്‍ കുമാര്‍. നാല് മാസത്തോളം നീണ്ട വിചാരണക്ക് ശേഷമാണ് കേരളം ഏറെ ചര്‍ച്ച ചെയ്‌ത കേസില്‍ കോടതി വിധി പറയുന്നത്. വിധി പ്രസ്‌താവം നടക്കുമ്പോള്‍ കിരണ്‍ കുമാറും അച്ഛനും കോടതിയിലെത്തിയിരുന്നു. ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ കിരണ്‍ കുമാറിനെ ജയിലേക്ക് മാറ്റും.
ഭര്‍ത്താവ് കിരണ്‍ കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്‌മയ ആത്‌മഹത്യ ചെയ്‌തെന്നാണ് കേസ്. സ്‌ത്രീധനമായി നല്‍കിയ കാറില്‍ തൃപ്‌തനല്ലാത്തതിനാലും വാഗ്‌ദാനം ചെയ്‌ത സ്വര്‍ണം ലഭിക്കാത്തതിനാലും കിരണ്‍ വിസ്‌മയയെ പീഡിപ്പിച്ചു.
2020 മേയ് 30നാണ് ബിഎഎംഎസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്‌മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്‌ത്രീധന പീഡനം,ആത്‌മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്‌ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍കുമാര്‍ ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം. ഇത് ശരിയാണെന്ന് കോടതി കണ്ടെത്തി.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്‌തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്‌തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്‌താരത്തിനിടെ കൂറുമാറിയിരുന്നു.
Most Read: വിദ്വേഷ പ്രസംഗ കേസ്; ജാമ്യം തേടി പിസി ജോർജ് ഹൈക്കോടതിയിൽ