ന്യൂഡെൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബ്രഹ്‌മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സംസ്‌ഥാന സർക്കാർ അതിന് മറുപടി നൽകിയില്ലെന്ന് മാണ്ഡവ്യ പറഞ്ഞു.
ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ജെബി മേത്തർ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ടു അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ആരോഗ്യ സംഘത്തെ അയക്കാൻ തയ്യാറാണെന്ന് കേന്ദ്രം സ്വമേധയാ സംസ്‌ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാൽ, അനുകൂല നിലപാടൊന്നും സംസ്‌ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് മൻസൂഖ് മാണ്ഡവ്യ ജെബി മേത്തറോട് പറഞ്ഞു. ബ്രഹ്‌മപുരം വിഷയം പൂർണമായും മറച്ചുവെയ്‌ക്കുന്നതിന് വേണ്ടിയാണ് കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തർ ആരോപിച്ചു.
Most Read: നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ