തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. സഭയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്‌പീക്കർക്ക് പരാതി നൽകിയിരുന്നു. കെകെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടിവി ഇബ്‌റാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നൽകിയത്.
എംഎൽഎമാരെ മർദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സംഭവത്തിൽ പോലീസിൽ പരാതി നൽകാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അടിയന്തിര പ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിക്കുന്നതിനെതിരെ സ്‌പീക്കറുടെ ഓഫിസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് പ്രതിഷേധം വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാർഡും തമ്മിലാണ് സംഘർഷം ഉണ്ടായത്.
ഭരണപക്ഷ എംഎൽഎമാരും അക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടിരുന്നു. സംഘർഷത്തിൽ കെകെ രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാർഡിനും പരിക്കേറ്റിട്ടുണ്ട്. നിയമസഭാ മന്ദിരത്തിലെ സ്‌പീക്കറുടെ ഓഫിസ് പരിസരത്തായിരുന്നു സംഘർഷം. പോത്തൻകോട് പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമം മുൻനിർത്തി സ്‌ത്രീസുരക്ഷയിലെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
Most Read: ബ്രഹ്‌മപുരത്തെ മാലിന്യം നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കും; മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്