ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട് നായകനായ എക്‌സ്ട്രാ ഡീസന്റ് (ഇഡി). നിരൂപകരുടെയും പ്രേക്ഷകരുടെയും ഗംഭീര അഭിപ്രായങ്ങളിലൂടെ വിജയകരമായ രണ്ടാം വാരത്തിലും ഇഡി നിറഞ്ഞ സദസിൽ പ്രേക്ഷക കൈയ്യടി നേടുകയാണ്.
ഡാർക്ക് ഹ്യൂമർ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി ഒന്നുകൂടി മാറുകയാണ് സുരാജ് വെഞ്ഞാറമൂട്. നാട്ടിൽ എക്‌സ്ട്രാ ഡീസന്റും വീട്ടിൽ എക്‌സ്ട്രീം ഡെയ്ഞ്ചറുമായ ബിനുവിലൂടെയാണ് ഇഡിയുടെ കഥ നീളുന്നത്. ടോക്‌സിക്കായ ബാല്യകാലമായിരുന്നു ബിനുവിന് ഉണ്ടായിരുന്നത്.
കുടുംബത്തിലുണ്ടായ ഒരു ദുരന്തവും മാതാപിതാക്കളുടെ സമീപനവും അയാളുടെ സ്വഭാവ രൂപീകരണത്തിൽ തെറ്റായ സ്വാധീനം ചെലുത്തുന്നു. തൊഴിൽരഹിതൻ ആയിരുന്നതിനാൽ ‘ഒന്നിനും കൊള്ളാത്തവൻ’ എന്ന ലേബലും ബിനുവിന് ലഭിക്കുന്നു. അങ്ങനെ ഒരു പ്രഷർ കുക്കർ കണക്കെ ജീവിതം നയിച്ച ബിനുവിന്റെ സ്വഭാവം ഒരു സുപ്രഭാതത്തിൽ മാറിമറിയുന്നു.
ഡീസന്റ് ആയിരുന്ന ബിനു ഡേഞ്ചറസ് ആയി മാറുന്നു. കുടുംബാംഗങ്ങൾ ഭയചകിതരാകുന്നു. ഡേഞ്ചറസ് ബിനുവിനെ വീണ്ടും ഡീസന്റാക്കാൻ വീട്ടുകാർ നടത്തുന്ന പരിശ്രമങ്ങളും പരിണിത ഫലങ്ങളുമാണ് ചിത്രം നർമത്തിൽ ചാലിച്ച് സംവിധായകൻ ആമിർ പള്ളിക്കൽ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യപകുതി പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുമ്പോൾ രണ്ടാം പകുതി ആകാംക്ഷയും ട്വിസ്‌റ്റും നിറഞ്ഞതാണ്. ബിനു വീണ്ടും ഡീസന്റ് ആകുമോ അതോ വീട്ടുകാർക്കിട്ട് പണി കൊടുക്കുമോ എന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നിടത്ത് ചിത്രം പര്യവസാനിക്കുന്നു. ചിരിയുടെ രസച്ചരട് മുറിയാതെ മൈൽഡ് ത്രില്ലർ ട്രാക്കിൽ കഥ കൊണ്ടുപോകുന്നതാണ് ഇഡിയുടെ വിജയം.
ചുരുക്കത്തിൽ ഈ ക്രിസ്‌മസ് അവധിക്കാലത്ത് വലിയ ലോജിക്കിന്റെ ഭാരമൊന്നുമില്ലാതെ ചിരിച്ച് കണ്ടാസ്വദിക്കാൻ പറ്റിയ ചിത്രമാണ് ഇഡി. ഹാസ്യവേഷങ്ങളിൽ നിന്ന് കുറേക്കാലമായി ഇടവേളയെടുത്ത് ഗൗരവത്തിലേക്ക് ട്രാക്ക് മാറ്റിയ സുരാജ് വീണ്ടും കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
വ്യത്യസ്‌ത മാനറിസങ്ങളുള്ള രണ്ട് ഗെറ്റപ്പുകളിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനും ആകാംക്ഷയുടെ മുൾമുനയിൽ നിർത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബിനുവിന്റെ മാതാപിതാക്കളായി വിനയപ്രസാദ്- സുധീർ കരമന ജോഡികളും ചിരിക്കാനുള്ള വക നൽകുന്നുണ്ട്. ഗ്രേസ് ആന്റണി, ശ്യാം മോഹൻ കൂട്ടുകെട്ടും നല്ല പ്രകടനം കാഴ്‌ച വെക്കുന്നുണ്ട്.
‘ആയിഷ’ എന്ന ചിത്രത്തിന് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്‌ത ചിത്രമാണ് എക്‌സ്ട്രാ ഡീസന്റ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ലിസ്‌റ്റിൻ സ്‌റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് നിർമാണം. ഗ്രേസ് ആന്റണി, പുതുമുഖം ദിൽന, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, സജിൻ ചെറുകയിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോന്റെ സംഗീതം സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം