മലപ്പുറം: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയ ട്രാവൽസ് ഏജൻസിക്ക് പിഴയും നഷ്‌ടപരിഹാരവും വിധിച്ചു മലപ്പുറം ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ. തിരൂർ അന്നാര സ്വദേശി രവീന്ദ്രനാഥൻ നൽകിയ ഹരജിയിൽ തിരൂർ സ്‌കൈ ബിസ് ട്രാവൽസ് ഏജൻസിക്കാണ് കമ്മീഷൻ ഒരുലക്ഷം രൂപ നഷ്‌ടപരിഹാരവും 5000 രൂപ കോടതി ചിലവും നൽകാൻ വിധിച്ചത്.
ചെന്നൈയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനും തിരിച്ചുമുള്ള യാത്രക്കും ബന്ധുക്കളായ 42 പേർക്ക് തൃശൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 95,680 രൂപ രവീന്ദ്രനാഥൻ ട്രാവൽ ഏജൻസിക്ക് നൽകിയെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാതെ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു.
ഇതിന് ശേഷം നൽകിയ തുക തിരിച്ചു നൽകാൻ ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെ തുടർന്ന് ട്രാവൽ ഏജൻസിക്കെതിരെ രവീന്ദ്രനാഥൻ മലപ്പുറം ജില്ലാ ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചു. ഇതോടെ, ടിക്കറ്റിനായി നൽകിയ 95,680 രൂപ തിരിച്ചു നൽകുന്നതിനും സേവനത്തിൽ വീഴ്‌ച വരുത്തി പരാതിക്കാരനും ബന്ധുക്കൾക്കും പ്രയാസമുണ്ടാക്കിയതിന് ഒരുലക്ഷം രൂപ നഷ്‌ടപരിഹാരവും കോടതി ചിലവിനായി 5000 രൂപയും നൽകുന്നതിന് കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
കെ മോഹൻദാസ് പ്രസിഡണ്ടും പ്രീതി ശിവരാമൻ, സിവി മുഹമ്മദ് ഇസ്‌മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി. ഒരുമാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്തപക്ഷം വിധി പ്രകാരമുള്ള സംഖ്യക്ക് 12 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
Most Read| ഓപ്പറേഷന് തുടക്കം; കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനുള്ളിലേക്ക് കടന്ന് ഇന്ത്യൻ കമാൻഡോകൾ