ചൈനീസ് റോക്കറ്റിന്റെ പതനം മെയ് 10ന് മുൻപ്; ജനവാസ കേന്ദ്രത്തിൽ ആയിരിക്കില്ല

By Esahaque Eswaramangalam, Chief Editor
  • Follow author on
Fall of the Chinese rocket before April 10
Representational Image
Ajwa Travels

ബെയ്‌ജിങ്‌: 2030ഓടെ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ഒപ്പം നില്‍ക്കാവുന്ന ബഹിരാകാശ ശക്‌തിയായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ചൈന കഴിഞ്ഞയാഴ്‌ച വിക്ഷേപണം നടത്തിയ ‘ലോംഗ് മാർച്ച് 5 ബി’ എന്ന റോക്കറ്റിന്റെ അവശിഷ്‌ടം നിയന്ത്രണം നഷ്‍ടപ്പെട്ട് ഭൂമിയിലേക്ക് തിരികെ വരികയാണ്.

2021 ഏപ്രിൽ 29നാണ് ചൈനയുടെ പുതിയ സ്‌പേസ്‌ സ്‌റ്റേഷൻ പദ്ധതിയുടെ ആദ്യ ഭാഗം ബഹിരാകാശത്ത് എത്തിക്കാനായി 849 ടൺ ഭാരമുള്ള ‘ലോംഗ് മാർച്ച് 5 ബി’ റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടൺ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം നഷ്‌ടമായി തിരികെ വരുന്നത്. ബാക്കിവരുന്ന 828 ടൺ ഭാരമുള്ള സുപ്രധാന ഭാഗങ്ങൾ ‘സ്‌പേസ് സ്‌റ്റേഷൻ’ നിർമാണത്തിനായി ബഹിരാകാശത്ത് സുരക്ഷിതമായി ഇറക്കിയിയിട്ടുണ്ട് എന്നാണ് ശാസ്‌ത്ര ലോകം വിലയിരുത്തുന്നത്.

ഇന്ന് അർധരാത്രിക്ക് മുൻപ് ഇത് ഭൂമിയിൽ പതിക്കുമെന്നും എന്നാൽ, അത് ജനവാസകേന്ദ്രങ്ങളിൽ ആയിരിക്കില്ല എന്നുമാണ് ശാസ്‌ത്രലോകത്തിലെ വിശ്വാസയോഗ്യമായ ഉറവിടങ്ങൾ പറയുന്നത്. 100 അടി നീളവും 16 അടി വീതിയും 21000 കിലോഗ്രാം ഭാരവുമുള്ള ഈ റോക്കറ്റ് അവശിഷ്‌ടം ഭൂമിയിൽ പതിക്കും മുൻപ് തന്നെ ഒരുപരിധിവരെ കത്തിത്തീരുമെന്നും ബാക്കി ഭാഗങ്ങൾ പറയത്തക്ക കേടുപാടുകൾ വരുത്താതെ ഭൂമിയിൽ പതിക്കുമെന്നുമാണ് വിശ്വാസ യോഗ്യമായ പുതിയ നിരീക്ഷണം.

ഈ നിരീക്ഷണങ്ങളെ സാധൂകരിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് ചൈനീസ് ശാസ്‌ത്രലോകവും വിദേശ കാര്യമന്ത്രാലയവും നടത്തിയതും. റോക്കറ്റിൽ നിന്നുള്ള മിക്ക അവശിഷ്‌ടങ്ങളും ഭൂമിയിൽ പ്രവേശിക്കുമ്പോൾ കത്തിതീരുമെന്നും ജനവാസകേന്ദ്രങ്ങൾക്ക് അത് കേടുപാടുകൾ ഉണ്ടാക്കുകയുമില്ല എന്നുമാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം. യൂറോപ്യൻ, യുഎസ്, ഫ്രഞ്ച് ട്രാക്കിംഗ് കേന്ദ്രങ്ങളും ഇതിനെ ശരിവെക്കുന്നുണ്ട്.

എങ്കിലും അനിയന്ത്രിതമായ തിരിച്ചുവരവ് യുഎസ് സൈന്യവും യുഎസ് സ്‌പേസ് കമാൻഡും ഉൾപ്പെടുന്ന ശാസ്‌ത്രലോകം അനുനിമിഷം നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലകൾക്ക് ഭീഷണിയാകാതെ പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ സമുദ്രങ്ങളുടെ ഏതെങ്കിലും ഭാഗത്തായിരിക്കും റോക്കറ്റ് വീഴുകയെന്നാണ് ഇന്ത്യയിലെ വിദഗ്‌ധരുടെയും ശുഭാപ്‌തി വിശ്വാസം.

എന്നാൽ, ഭൂമി പരന്നു തന്നെയാണ് ഇരിക്കുന്നതെന്ന് ഇപ്പോഴും വിശ്വസിക്കുന്ന, അതിന് ‘ശാസ്‌ത്രീയ’ വാദങ്ങൾ നിരത്തുന്ന ഒരു വിഭാഗത്തെപോലെ ‘ലോംഗ് മാർച്ച് 5 ബി’ വിഷയത്തിലും വിരുദ്ധാഭിപ്രായം നിരത്തുന്നവരും ശാസ്‌ത്ര ലോകത്തുണ്ട്. ഇവർ പറയുന്നത് അനുസരിച്ച്, ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്‌ജിങ്‌, ന്യൂസീലൻഡ്, ചിലെ തുടങ്ങിയ വന്‍ നഗരങ്ങള്‍ വരെ റോക്കറ്റ് വീഴാനിടയുള്ള പ്രദേശങ്ങളുടെ പട്ടികയിലുണ്ട്.

അതേ സമയം, വിരുദ്ധാഭിപ്രായം ഉന്നയിക്കുന്നവർ പറയും പോലെ, ബഹിരാകാശ നിലയം സ്‌ഥാപിക്കാൻ വിക്ഷേപിച്ച ആദ്യ റോക്കറ്റ് ഭാഗം ജനവാസ മേഖലയില്‍ വീണാല്‍ അത് ചൈനക്ക് വലിയ നാണക്കേടാവുകയും ചെയ്യും. ഏതായാലും, വാദപ്രതിവാദങ്ങൾ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്.

Most Read: ഓഗസ്‌റ്റിൽ മരണങ്ങള്‍ 10 ലക്ഷം കടക്കും; ഉത്തരവാദി മോദിയെന്ന് ദി ലാന്‍സെറ്റ് എഡിറ്റോറിയൽ

ലേഖകൻ; ഇ.എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസഹാഖ് ഈശ്വരമംഗലം മാദ്ധ്യമ പ്രവർത്തന മേഖലയിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 'കേരളീയം' മലയാള സാംസ്‌കാരിക മാസികയുടെ എഡിറ്ററായി 5 വർഷം പ്രവർത്തിച്ചിട്ടുണ്ട്. GCC Business News -ന്റെ സ്‌ഥാപകനും എഡിറ്ററുമാണ്. മാദ്ധ്യമ രംഗത്തെ പ്രവർത്തന മികവിന് 2008-ൽ കെ.എൻ.എൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ ബിസിനസ് സംരംഭങ്ങളിലും സാമൂഹിക സംഘടനകളിലും പങ്കാളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE