വിളവെടുപ്പു കഴിഞ്ഞു, കർഷകർ ഡെൽഹി അതിർത്തികളിലേക്ക്; വീണ്ടും കരുത്താർജിച്ച് പ്രക്ഷോഭം

By Staff Reporter, Malabar News
farmers protest
Ajwa Travels

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ വിളവെടുപ്പു കഴിഞ്ഞതോടെ ഡെൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം വീണ്ടും കരുത്താർജിക്കുന്നു. സമരം 167 ദിവസം പിന്നിട്ട ബുധനാഴ്‌ച കൂടുതൽ കർഷകർ ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിർത്തികളിലെത്തി. ഇതിനിടെ, പിഎം കിസാൻ പദ്ധതിയനുസരിച്ച് കർഷകർക്കുള്ള സഹായധനം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു.

പഞ്ചാബിൽനിന്നുള്ള കർഷകരാണ് ട്രാക്‌ടറുകളിലും കാറുകളിലും മറ്റുമായി വരാൻ തുടങ്ങിയത്. ടെന്റുകളിലും മറ്റും കഴിയാനുള്ള തയ്യാറെടുപ്പുമായിട്ടാണ് വരവ്. കോവിഡ് പടർന്നുപിടിക്കുമ്പോൾ അടിസ്‌ഥാന ആരോഗ്യസൗകര്യം പോലും കേന്ദ്രസർക്കാർ ലഭ്യമാക്കുന്നില്ലെന്നും ആരോപിച്ച കർഷകർ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് ആവർത്തിച്ചു. ഗാസിപ്പൂർ അതിർത്തിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ രക്‌തസാക്ഷി മംഗൽ പാണ്ഡെയ്‌ക്ക് സംയുക്‌ത കിസാൻ മോർച്ച ആദരാഞ്‌ജലി അർപ്പിച്ചു.

സമരം ഇനിയും കരുത്താർജിക്കുമെന്നും കൂടുതൽ കർഷകർ സമരമുഖത്തേക്ക് എത്തുമെന്നും കിസാൻ മോർച്ച വക്‌താവ്‌ ഡോ. ദർശൻപാൽ പറഞ്ഞു. കോവിഡ് സുരക്ഷ പാലിച്ചാണ് സമര വൊളന്റിയർമാർ അതിർത്തികളിൽ ഇരിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം വെള്ളിയാഴ്‌ച മുതൽ പിഎം കിസാൻ പദ്ധതിയനുസരിച്ചുള്ള സഹായവിതരണം ആരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുമുള്ള വിവരം. ഒമ്പതരക്കോടി കർഷകർ ഇത്തവണ സഹായധനം സ്വീകരിക്കാൻ യോഗ്യത നേടിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. ഇതിനായി 19,000 കോടി രൂപ കേന്ദ്രം വകയിരുത്തി. ഈ സാമ്പത്തിക വർഷത്തെ ആദ്യഗഡുവാണ് വെള്ളിയാഴ്‌ച വിതരണം തുടങ്ങുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡിസംബറിൽ കർഷകർക്കുള്ള ഗഡുവായി 18,000 കോടിരൂപ വിതരണം ചെയ്‌തിരുന്നു.

Read Also: ഗംഗയില്‍ നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE