കാസർഗോഡ്: കാലംതെറ്റി പെയ്‌ത കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. അജാനൂർ കൊളവയലിലെ അഞ്ചേക്കർ കൃഷി സ്‌ഥലത്ത് ഇറക്കിയ വിളകളാണ് കനത്ത മഴയിൽ വെള്ളം കയറി നശിച്ചത്. വിത്തിറക്കി മുളച്ചു പൊങ്ങിയ പച്ചക്കറിവയൽ മഴയിൽ അപ്പാടെ വെള്ളത്തിനടിയിലായി. മഴയിൽ ഉറവപൊട്ടിയ വയലിൽ പലഭാഗത്തും ഇപ്പോൾ അരയടിയോളം വെള്ളം പൊങ്ങിക്കിടക്കുകയാണ്.
ചീര, നരമ്പൻ, പയർ, ചോളം തുടങ്ങിയ കൃഷികളാണ് അഞ്ചേക്കറോളം വരുന്ന വയലിൽ കൃഷി ചെയ്‌തിരുന്നത്. പല കർഷകരുടെയും മുളച്ചു പൊങ്ങിത്തുടങ്ങിയ ചീരക്കണ്ണികൾ വെള്ളത്തിൽ നശിച്ചു. വെള്ളരി, നരമ്പൻ, പയർ, ചോളം എന്നിവയും മുളച്ചു പൊങ്ങിയിരുന്നു. ഇവിടെ കൃഷി ചെയ്യുന്നവരിൽ മിക്കവരും വയൽ പാട്ടത്തിനെടുത്തതാണ്.
വിത്തിനും, അടിവളത്തിനും മറ്റുമായി ഇതിനോടകം തന്നെ വലിയ ഒരു തുക കർഷകർ ചിലവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മഴ വില്ലനായി എത്തിയത്. ഏകദേശം 30ഓളം കർഷകരുടെ കൃഷിയാണ് ഇപ്പോൾ മഴ നശിപ്പിച്ചത്. നിലവിൽ കൃഷിവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി നാശനഷ്‌ടം വിലയിരുത്തിയിട്ടുണ്ട്.
Read also: ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ