കോഴിക്കോട്: നാദാപുരം പാറക്കടവിൽ ഇരുമ്പു കടയിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടം. കല്ലികണ്ടി സ്വദേശി അനിലിന്റെ ഉടമസ്‌ഥതയിയിലുള്ള പാറക്കടവ്- കല്ലിക്കണ്ടി റോഡിലെ വെൽക്കം ട്രേഡേഴ്സിലാണ് തീപിടുത്തം ഉണ്ടായത്.
ബുധനാഴ്‌ച ഉച്ചയ്‌ക്ക് ശേഷം മൂന്നു മണിയോടെ ആയിരുന്നു സംഭവം. കടയിൽ ഇരുമ്പു പൈപ്പ് മെഷീൻ ഉപയോഗിച്ച് മുറിക്കുന്നതിനിടെ ഉണ്ടായ സ്‌പാർക്കിൽ നിന്ന് തീ സമീപത്തെ അലമാരയിൽ സൂക്ഷിച്ച ടിന്നറിലേക്കും, പെയിന്റ് ശേഖരത്തിലേക്കും പടർന്ന് ആളി കത്തുകയായിരുന്നു.
അപകടമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ വെള്ളം ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാകാതിരുന്നതോടെ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചേലക്കാടുനിന്ന് രണ്ടു യൂണിറ്റ് അഗ്‌നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കടയിൽ സൂക്ഷിച്ച പെയിന്റുകളും ടിന്നറും പിവിസി പാത്തികളും മേൽക്കുരയ്‌ക്ക് ഉപയോഗിക്കുന്ന അലുമിനിയം ഷീറ്റുകളും കത്തി നശിച്ചതായി ഉടമ അറിയിച്ചു. രണ്ടേമുക്കാൽ ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. വളയം എസ്ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്‌ഥലത്ത് എത്തിയിരുന്നു.
Malabar News: ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി